തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പ അമേരിക്കയിൽ അന്തരിച്ചു
രാജു ശങ്കരത്തിൽ
Wednesday, July 23, 2025 1:24 PM IST
ഫിലഡൽഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികൻ തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പ (78 കപ്പലാംമൂട്ടിൽ അച്ചൻ) അമേരിക്കയിൽ അന്തരിച്ചു. പഴയ സെമിനാരി മുൻ മാനേജർ, മീനടം തോട്ടക്കാടിന് സമീപമുള്ള ടിഎം യുപി സ്കൂൾ പ്രധാന അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പ ബന്ധുവീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ച അദ്ദേഹം മൂന്നാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗമാണ്. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യാപകനാണ്.
പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വഭവനത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പ പൗരോഹിത്യ കനക ജൂബിലി മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷം ആഘോഷിച്ചിരുന്നു.
പരേതയായ അന്നമ്മ വർഗീസാണ് ഭാര്യ. മക്കൾ: ജോജി (കോൺട്രാക്ടർ), ജോബി(യുകെ), ജ്യോതി (ഷാർജ). കോറെപ്പിസ്കോപ്പയുടെ അമേരിക്കയിൽ വച്ചുള്ള വിടവാങ്ങൽ ചടങ്ങും സംസ്കാര ശുശ്രൂഷയുടെ ആദ്യ ഘട്ടവും പൊതുദർശനവും ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതൽ 7.30 വരെ നടക്കും.
തുടർന്ന് മൃതദേഹം കേരളത്തിലെത്തിച്ച് കോട്ടയം മീനടം പള്ളിയിൽ സംസ്കരിക്കും. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പയുടെ വിയോഗത്തിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി അനുശോചിച്ചു.