കർഷകനെന്ന ബൂർഷ്വാ!
Wednesday, August 28, 2019 10:51 PM IST
ഒരു സാധാരണ കർഷകന് അവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു പത്തു പവൻ സ്വർണം ബാങ്കിൽ കൊണ്ടുചെന്നാൽ പലതരം സർട്ടിഫിക്കറ്റുകളുടെ അകന്പടി ഇല്ലാതെ അവന്റെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പ കിട്ടിയിരുന്നു. അതു കണ്ടിട്ടു നമ്മുടെ കൃഷിമന്ത്രിക്ക് എന്തൊരു ഇരിക്കപ്പൊറുതിയില്ലായ്മ. ഉടൻതന്നെ കേന്ദ്രത്തിനു റിപ്പോർട്ടയച്ച് എന്തു പാടുപെട്ടാണ് പാവം കർഷകനു ലഭിച്ചിരുന്ന ഈ സഹായം ഇല്ലാതാക്കാൻ നോക്കുന്നത്.
പലരുടെയും കാഴ്ചപ്പാടിൽ രണ്ടു ലക്ഷം രൂപ ബാങ്കിൽ സ്വർണം പണയപ്പെടുത്തി വായ്പയെടുക്കാൻ കഴിവുന്നവൻ വലിയ ബൂർഷ്വാ ആണ്. ഈ കാഴ്ചപ്പാടുകൊണ്ടാണ് പല പാർട്ടികളും പടവലങ്ങാപോലെ താഴോട്ടുതന്നെ വളർന്നു പന്തലിച്ചു നിൽക്കുന്നത്. ഇത്തിൾക്കണ്ണിപോലെ മറ്റാരുടെയെങ്കിലും തോളിൽ കയറി പത്തു സീറ്റ് പിടിച്ച് മൂന്നും നാലും മന്ത്രിസ്ഥാനം പിടിച്ചുവാങ്ങും. ഈ മന്ത്രിയുടെ മുൻഗാമി വലിയ മന്ത്രി വർഷങ്ങൾക്കു മുന്പ് 999 വർഷത്തേക്ക് മുല്ലപ്പെരിയാർ എഗ്രിമെന്റ് പുതുക്കിക്കൊടുത്ത് കേരള ജനതയ്ക്ക് ചെയ്തുതന്ന ഉപകാരം നമ്മൾ മറന്നുകൂടാ.
കർഷകൻ എല്ലാംകൊണ്ടും നട്ടംതിരിയുന്പോൾ അവനു കൃഷിയിറക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ഇനി പത്തു രൂപ വേണമെങ്കിൽ ബ്ലേഡ്കന്പനിക്കാരുടെ അടുത്തേക്ക് ചെല്ലട്ടെ എന്നായിരിക്കും മന്ത്രിയുടെ വിചാരം.
എ.എ. അഗസ്റ്റിൻ ആലനോലിക്കൽ, ഉപ്പുകണ്ടം