സ്റ്റിറോയിഡുകളിൽ എരിഞ്ഞടങ്ങുന്ന ജീവിതങ്ങൾ
Sunday, December 15, 2019 1:01 AM IST
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒരു സമൂഹം ഏതൊരു രാജ്യത്തും ഉണ്ട്. ഇക്കാര്യത്തിൽ ചെറുപ്പക്കാരും മധ്യവയസ്കരും കൂടുതൽ ശ്രദ്ധ നൽകുന്നു. അതേപോലെ ആരോഗ്യസംരക്ഷണത്തേക്കാൾ ശരീരസൗന്ദര്യത്തിനു പ്രാധാന്യം നൽകുന്ന ഒരു സമൂഹം വളർന്നുവരുന്നുണ്ട്. പ്രശസ്തരായ പല ബോഡിബിൽഡർമാരുടെയും അകാലമരണം ഇക്കാര്യം സൂചിപ്പിക്കുന്നു.
മുപ്പത്തിരണ്ടിലധികം അനാബോളിക് ആൻഡ്രോജനിക് സ്റ്റിറോയിഡുകൾ ഇന്ന് ഉപയോഗത്തിലുണ്ട്. മസിൽവലുപ്പം കൂട്ടുന്നതിനായിട്ടുള്ള ഇവയുടെ തെറ്റായ ഉപയോഗക്രമമാണ് അകലമരണത്തിൽ കലാശിക്കുന്നത്. ഹൃദയം, വൃക്ക തകരാറുകൾക്കും വന്ധ്യത, കാൻസർ തുടങ്ങിയ രോഗങ്ങൾക്കും ഇത്തരം സ്റ്റിറോയിഡുകൾ കാരണമാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മത്സരങ്ങളിൽ മെഡലുകൾ നേടാൻവേണ്ടി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗത്തിന് കർശനമായ വിലക്ക് ഏർപ്പെടുത്തണം. മത്സരത്തിൽ പങ്കെടുക്കുന്നവരെ ഡ്രഗ് ടെസ്റ്റിന് വിധേയമാക്കണം. ജിംനേഷ്യങ്ങളിൽ ഡ്രഗ് കണ്ട്രോൾ, എക്സൈസ് സംഘത്തിന്റെ പരിശോധനയും ഉണ്ടാകണം. മരുന്ന് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തണം.
കുര്യൻ തൂന്പുങ്കൽ, ചങ്ങനാശേരി