അപകടം വരുന്പോൾ മാത്രം ഉയിർത്തെഴുന്നേറ്റാൽ പോരാ
Monday, February 24, 2020 11:46 PM IST
എത്രയെത്ര വാഹനാപകടങ്ങളാണ് കേരളത്തിൽ ഓരോ ദിവസവുമുണ്ടാകുന്നത്. ഇതിനെല്ലാം ഉത്തരവാദികൾ ഡ്രൈവർമാർ ആണെങ്കിലും ഇവരെയെല്ലാം നയിക്കാനും തളയ്ക്കാനും വാഹനഗതാഗത വകുപ്പും പോലീസും ഉണ്ടല്ലോ ഇവിടെ. കുറെ റോഡപകടങ്ങൾ മനുഷ്യനിർമിതമാണ്. ചിലർ മനസു വച്ചാൽ ഇതു നിർത്താവുന്നതേയുള്ളൂ.
ബൈക്കുകളടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങളിൽ സ്പീഡ് ഗവർണർ കർക്കശമായി നടപ്പാക്കുക. റോഡുകളിൽ കാമറകളും റെഡാറുകളും സ്ഥാപിച്ച് അന്യായമായ വേഗത്തിൽ പായുന്ന വാഹനങ്ങളെ വരുതിയിലാക്കുക. ഒരു ഹെഡ് ലൈറ്റ് മാത്രമിട്ട് ഓടിക്കുന്ന വാഹനങ്ങൾ വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. ഇതിന് പരിഹാരം വേണം.
മദ്യവും മയക്കുമരുന്നും സാധാരണമായിരിക്കുന്നു. എല്ലാ ടൗണിലും ഗ്രാമീണ റോഡിലും മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവർമാരുടെ വിളയാട്ടമുണ്ട്. അപ്പോൾ മദ്യവും മയക്ക് മരുന്നും ഉപയോഗിച്ചുള്ളവരുടെ കാര്യം പറയാനുണ്ടോ. മറ്റ് വാഹനങ്ങൾക്ക് ഇവർ യമനാണ്. വൻ അപകടം വരുന്പോൾ മാത്രം നമ്മുടെ ഉദ്യോഗസ്ഥർ ഉണർന്നെണീറ്റാൽ പോര.
കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട