നമ്മുടെ കുട്ടികള്‍ക്കെന്തു സംഭവിച്ചു?
Wednesday, June 24, 2020 10:50 PM IST
നമ്മുടെ കുട്ടികള്ക്കിതെന്താണ് സംഭവിച്ചത്? കുട്ടികളുടെ ആത്മഹത്യാ വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല എന്ന മട്ടായി.
ആരാണ് ഇതിന് ഉത്തരവാദികള്‍? അവരുടെ കുടുംബമോ അധ്യാപകരോ അതോ സമൂഹമോ? എന്തുതന്നെയായാലും അതിനുത്തരം കാണാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
അക്കഡെമിക് യോഗ്യത മാത്രമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ യോഗ്യതയെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ അങ്ങനെ കരുതാന്‍ അവരെ പ്രാപ്തരാക്കുന്ന ജീവിത സാഹചര്യത്തില്‍ നിന്ന് നമുക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
വീട്ടുകാരില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ചെറിയൊരു ശാസന പോലും സഹിക്കാന്‍ പറ്റാതാവുന്ന പരുവത്തിലുള്ള മാനസിക വളര്‍ച്ച മാത്രമേ നമ്മുടെ കുട്ടികള്ക്കുള്ളോ?
കുട്ടികളുനുഭവിക്കുന്ന പലവിധ മാനസിക സംഘര്‍ഷങ്ങള്‍ തരണം ചെയ്യാനും, വീട്ടുകാരോടും അധ്യാപകരോടും പ്രിയപ്പെട്ടവരോടും അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനും തക്കവിധത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാവണം. സ്കൂളിലും കോളജിലും പാഠ്യപദ്ധതിയില്‍ ഇത്തരം വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിനെ തരണം ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാന്‍ നമുക്കൊന്നിച്ചു പരിശ്രമിക്കാം!
ബെെജു വടക്കുംപുറം, എരിമയൂര്‍, പാലക്കാട്