റബറിന്റെ താങ്ങുവില 200 രൂപയാക്കി വർധിപ്പിക്കണം
Friday, September 11, 2020 11:23 PM IST
നാണ്യവിളകളുടെ വിലക്കുറവ്, പ്രത്യേകിച്ചും റബറിന്റെ വിലക്കുറവ് സംസ്ഥാനത്തെ കർഷകരെ കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. 2012 ൽ ഒരു കിലോ റബറിന് 245 രൂപ വില ഉണ്ടായിരുന്നു. 2020ൽ അത് 130 രൂപയായി. ഇടയ്ക്ക് 100 രൂപയിലും താഴെപ്പോയ സന്ദർഭങ്ങളും ഉണ്ടായി. റബർവില കുറഞ്ഞ സന്ദർഭത്തിൽ യുഡിഎഫ് സർക്കാർ റബറിന്റെ താങ്ങുവില 150 രൂപയാക്കി ഉയർത്തി.
വില ഉയർത്തിയത് റബർ കർഷകർക്ക് ഒരു വലിയ ആശ്വാസ നടപടിയായിരുന്നു. ജീവിതച്ചെലവ് വർധിച്ച ഇന്നത്തെ സാഹചര്യത്തിൽ റബറിന്റെ താങ്ങുവില 200 രൂപയായി വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണം.
കിഫ്ബിയിൽനിന്നു കോടിക്കണക്കിനു രൂപ വിവിധ പദ്ധതികൾക്ക് ഒഴുക്കിയതായി കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കണ്ടു. വ്യവസായമേഖലയിൽ 1000 കോടി രൂപ മുടക്കി ഒരു ടയർ ഫാക്ടറി തുടങ്ങിയാൽ സംസ്ഥാനത്തെ റബർ കർഷകരെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഗ്രഹമായിരുന്നു.
ഇപ്രകാരം തുടങ്ങാൻ കഴിഞ്ഞാൽ കർഷകരിൽനിന്ന് കിലോയ്ക്ക് 200 രൂപ നിരക്കിൽ റബർ സംഭരിക്കാൻ കഴിയും. അങ്ങനെ റബർ കർഷകരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയും.
ജോസഫ് ചാക്കോ, മരങ്ങാട്ടുപിള്ളി