തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കരുത്
Thursday, March 4, 2021 12:35 AM IST
പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകളിൽ ഒന്നാമത്തേത് കെട്ടിടനിർമാണം നിയന്ത്രിക്കുക എന്നതും രണ്ടാമത്തേത് പൊതുസ്ഥലങ്ങൾ കൈയേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക എന്നതുമാണ്. പുതിയ കെട്ടിടനിർമാണനിയമം ഭേദഗതി ഓർഡിനൻസ് നിയമമാകുന്നതോടു കൂടി ഈ അധികാരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നഷ്ടമാകും. കൂടാതെ അപേക്ഷ കിട്ടി മുപ്പത് ദിവസത്തിനകം കെട്ടിടം നിർമിക്കാനുള്ള അനുമതി സംബന്ധിച്ച വിവരം സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിച്ചില്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 235 കെ അനുസരിച്ച് കെട്ടിടനിർമാണ അനുമതി സംബന്ധിച്ച് തീരുമാനം എടുക്കുവാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴുള്ള അധികാരവും നഷ്ടപ്പെടും. നിലവിലുള്ള നിയമത്തിലും പ്ലാൻ തയാറാക്കുന്ന ആർകിടെക്ട്, എൻജിനിയർ എന്നിവർക്ക് ഉത്തരവാദിത്വമുണ്ട്.
എൻജിനിയറും ഉടമയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്.പൂർത്തിയായതിനുശേഷം നന്പരിനുവേണ്ടി അപേക്ഷിക്കുന്പോഴല്ലേ നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയാൻ കഴിയൂ. പിഴ ഒടുക്കേണ്ടി വന്നാൽ ആർകിടെക്ടിനു ദോഷം വരും. നിർമാണം പൂർത്തിയാകുംവരെ എൻജിനിയർ (ആർകിടെക്ട്) നിർമാണത്തിൽ ശ്രദ്ധിക്കേണ്ടിവരുന്നത് പ്രായോഗികമാണോ. പ്ലാൻ തയാറാക്കിക്കൊടുത്ത എൻജിനീയർക്കാകണമെന്നില്ല കെട്ടിടം പണിയുടെ ചുമതല.
പരന്പരാഗത കുടിവെള്ള സ്രോതസുകളുടെ മരണമണി മുഴങ്ങാതിരുന്നാൽ കൊള്ളാം. പുറംപോക്കുഭൂമി, തണ്ണീർത്തട പരിപാലനനിയമം, തീരദേശപരിപാലന നിയമം, പൈതൃക സംരക്ഷണനിയമം, പ്രകൃതി സംരക്ഷണനിയമം എന്നിവകളുടെ അവസ്ഥ എന്താകും? പഞ്ചായത്ത്രാജ് നിയമം സെക്ഷൻ 220 ബി അനുസരിച്ച് റോഡിനോട് ചേർന്ന വസ്തുവിന്റെ അതിരിൽ നിന്നും മൂന്ന് മീറ്റർ വിട്ടിട്ടേ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂയെന്നതും ലംഘിക്കപ്പെടില്ലേ? പുതിയതായി തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണസ്ഥാപന മേധാവികളുടെ (പഞ്ചായത്ത് അസോസിയേഷൻ പോലുള്ള) ഭാരവാഹി തെരഞ്ഞെടുപ്പുപോലും നടക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു ഓർഡിനൻസ് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം ശരിയല്ല.
ആർ.ചന്ദ്രമോഹൻ, തിരുവനന്തപുരം