പണ്ട് വിമോചന സമരകാലത്ത് ഒരു മുദ്രാവാക്യമുണ്ടായിരുന്നു. “പത്രത്തിൽ കാണും നെടിയരി, പാത്രത്തിൽ കാണും പൊടിയരി” എത്രയോ ശരിയാണിത്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില നൂറും ഇരുനൂറും ഇരട്ടിയായി വർധിച്ചു. അരി, ഉപ്പ്, മുളക്, സ്റ്റേഷനറി സാധനങ്ങൾ, വിവിധയിനം മത്സ്യങ്ങൾ, മാംസം എന്നിവയുടെയെല്ലാം വില കുതിച്ചുകയറി.
സാധാരണക്കാരായ ജനങ്ങൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു. താങ്ങാനാവാത്ത ഈ വിലക്കയറ്റം നിയന്ത്രിക്കാൻ ഇവിടെയാരുമില്ലേ? ആർക്കും എപ്പോഴും എന്തു വിലയ്ക്കും സാധനങ്ങൾ വിൽക്കാവുന്ന സ്ഥിതി. എല്ലാവർക്കും കാരണങ്ങൾ ഉണ്ടാകും. ഇത്രയും വില കുതിച്ചുയർന്നിട്ടും ചോദിക്കാനാളില്ല. “മുണ്ടും തുവർത്തുമുണ്ട്, മേവിടെയാണ്” എന്നു പറയുന്നതുപോലെയാണ് പിണറായി സർക്കാരിന്റെ രണ്ടാം ഭരണം. പാവങ്ങളുടെ പെൻഷൻ പോലും മുടങ്ങിയിട്ട് ആറു മാസമായി. കിറ്റു കൊടുത്തു ഭരണത്തിലേറിയവർ അതൊക്കെ മറന്നു. ഓരോ മാസവും കടം വാങ്ങി ഒരു സർക്കാരിനു ഭരിക്കാനകുമോ? ഭരിക്കാൻ കഴിവില്ലെങ്കിൽ ഇറങ്ങിപ്പോകണം. അതാണു മര്യാദ.
പട്ടിണിയാണെങ്കിലും എല്ലാം അടിപൊളി. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകും. കട്ടൻ കാപ്പിയും കുടിച്ച്, പരിപ്പുവടയും തിന്നു വളർന്നവർ ഇന്ന് എവിടെയെത്തിയിരിക്കുന്നു. ജനങ്ങൾ വിലയിരുത്തട്ടെ.
അഗസ്റ്റിൻ കുറുമണ്ണ്
കുഴിത്തൊളുഇടുക്കി