ദൈവമേ! അത് സംഭവിക്കാതിരിക്കട്ടെ. വയനാടിനെ കണ്ണീരിലാഴ്ത്തി നൂറുകണക്കിനാളുകളുടെ മൃതശരീരങ്ങൾ സൈന്യം ഇറങ്ങി മണ്ണിനടിയിൽനിന്നു കണ്ടെത്തി. സംസ്ഥാനമൊട്ടാകെയുടെയും പ്രത്യേകിച്ച് വയനാട്ടിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെയും ഭരണകർത്താക്കളുടെയും കഠിനാധ്വാനത്തിന്റെയും തീവ്രയജ്ഞത്തിന്റെയും ഫലമായി കണ്ടുകിട്ടിയ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചതിന്റെ വേദന മാറാതെ ജനം വിറങ്ങലോടെ നിലകൊള്ളുകയാണ്.
ഈ അവസരത്തിലാണ് പലരുടെയും വായിൽനിന്ന് "അടുത്തത് മുല്ലപ്പെരിയാറാണോ' എന്നു ചോദിച്ചുപോകുന്നത് നാമൊക്കെ കേൾക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ കാലാവധി തീർന്നതാണെന്നും അതിനെ ഡീകമ്മീഷൻ ചെയ്തു പുതിയ ഡാം കെട്ടണമെന്നുമുള്ള കേരളജനതയുടെ അഭിപ്രായത്തിന് സംസ്ഥാന സർക്കാരുകളും (കേരളം, തമിഴ്നാട്) കേന്ദ്രസർക്കാരും പുല്ലുവില കല്പിക്കാതെ മുല്ലപ്പെരിയാർ കരാറിന്റെ ആയുസ് 999 വർഷമാക്കി ഉയർത്തിയെന്ന് ഈ കേരളമക്കൾ വായിച്ചറിയുന്പോൾ ദൈവമേ ഞങ്ങൾക്ക് ആരുമില്ലേ എന്നു നിലവിളിച്ച് നെഞ്ചുപൊട്ടിക്കരയുകയാണ്.
ഡാം എങ്ങാനും പൊട്ടിയാൽ കേരളത്തിലെ മുപ്പതു ലക്ഷത്തിലേറെ ജനങ്ങളും മണ്ണിനടിയിലോ വേന്പനാട്ടുകായലിലോ എത്തും എന്ന് ഭരണാധികാരികൾ മനസിലാക്കാത്തതെന്താണ്? അഥവാ മനസിലാക്കിയിട്ടുണ്ടെങ്കിൽത്തന്നെ അതിനുനേരേ കണ്ണടയ്ക്കുന്നത് എന്താണ്? പുതിയ ഡാം കെട്ടുന്നതിന് തമിഴ്നാട് സർക്കാർ എന്തിനാണ് എതിരുനിൽക്കുന്നതെന്നു കേരളത്തിലെ സാധാരണ ജനത്തിനു മനസിലാകുന്നില്ല. അവർ എതിർത്താൽ നമുക്ക് ഹൈക്കോടതിയില്ലേ? കേന്ദ്രഗവൺമെന്റ് ഇല്ലേ? സുപ്രീംകോടതിയില്ലേ?
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആ വെള്ളം അതിശക്തമായ വിധം ഇടുക്കി ഡാമിലെത്തുമല്ലോ. ഈ വെള്ളം മുഴുവൻ ശേഖരിക്കാൻ ഇടുക്കി ഡാമിന് ശക്തികാണില്ലല്ലോ, മാത്രമല്ല, ഡാമുകളും പുഴകളും മണൽ വാരാൻ അനുവദിക്കാത്തതിനാൽ അവയെല്ലാം മണലും ചെളിയും നിറഞ്ഞുകിടക്കുന്നതുമൂലം വൻ ദുരന്തം ഉണ്ടാകാനും സാധ്യതയുണ്ടല്ലോ. എന്നാൽ, ഇതൊന്നും അറിയാത്ത മട്ടിൽ സർക്കാരും ഉദ്യോഗസ്ഥരും നിസംഗത പാലിക്കുന്നതു വലിയ അനാസ്ഥയായി തോന്നുന്നു.
മുല്ലപ്പെരിയാറിലെ വെള്ളമെടുത്ത് തമിഴ്നാട് അനധികൃതമായി ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുകയും തമിഴ്നാട്ടിലെ കൃഷിക്ക് ഉപയോഗിക്കുകയുമല്ലേ ഇപ്പോൾ ചെയ്യുന്നത്? ഇതു രണ്ടും ചെയ്തുകൊള്ളട്ടെ. പക്ഷേ, കേരളത്തിലെ പല ജില്ലകളും ജനങ്ങളും ഒന്നടങ്കം നശിച്ചുപോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ കേരളം മുൻകൈയെടുത്ത് ഒരു പുതിയ ഡാം പണിയട്ടെ. അതുവഴി ഒരു മഹാദുരന്തം ഒഴിവാകട്ടെ! ഓരോ വർഷകാലത്തും കേരളത്തിൽ ഇക്കാര്യം ചർച്ചചെയ്യപ്പെടുകയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യാറുണ്ട്. പക്ഷേ, ഫലത്തിൽ വർഷകാലം കഴിയുന്പോൾ അത് വിസ്മരിക്കപ്പെടുന്നു എന്നതാണ് അനുഭവം. ഇനിയെങ്കിലും ഉത്തരവാദിത്വമുള്ളവർ കണ്ണുതുറക്കണേ എന്ന് അഭ്യർഥിക്കുന്നു.
സിസ്റ്റർ ജോവിയറ്റ് നിർമല മെഡിക്കൽ സെന്റർ, മൂവാറ്റുപുഴ