നാലു ലക്ഷം കോടി രൂപയുടെ സന്പദ്ഘടനയായി ഇന്ത്യ നാലാം ശക്തി
ജോർജ് കള്ളിവയലിൽ
Monday, May 26, 2025 4:21 AM IST
ന്യൂഡൽഹി: ജപ്പാനെ മറികടന്നു ലോകത്തിലെ നാലാമത്തെ വലിയ സന്പദ്ഘടനയായി ഇന്ത്യ. അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇന്ത്യക്കു മുന്നിലുള്ളത്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് ഔദ്യോഗികമായി ലോകത്തിലെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം അറിയിച്ചു.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് ഉയരുമെന്ന് നിതി ആയോഗിന്റെ പത്താമതു ഗവേണിംഗ് കൗണ്‍സിൽ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സുബ്രഹ്മണ്യം പറഞ്ഞു. “ആസൂത്രണം ചെയ്തിരിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ പാലിച്ചാൽ, രണ്ടര മുതൽ മൂന്നു വർഷത്തിനുള്ളിൽ, നമ്മൾ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയാകും. ഇന്ത്യ ഇപ്പോൾ നാലു ട്രില്യണ്‍ ഡോളർ (4,00,000 കോടി രൂപ) സന്പദ്വ്യവസ്ഥയാണ്’’-നിതി ആയോഗ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.
അനുകൂലമായ ഭൗമരാഷ്ട്രീയ, സാന്പത്തിക സാഹചര്യങ്ങളാണ് ആഗോള സാന്പത്തിക ക്രമത്തിൽ ഇന്ത്യയുടെ ഉയർച്ചയ്ക്കു കാരണമെന്ന് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുയെന്നതാണു ലക്ഷ്യം.
ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വേണ്ടെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പ്രായോഗികമായി അപ്പടി നടപ്പായേക്കില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഇറക്കുമതി തീരുവ എന്തായിരിക്കുമെന്ന് ഉറപ്പില്ല. ഇന്ത്യയാകും ചെലവുകുറഞ്ഞ ഉല്പാദനത്തിനുള്ള രാജ്യം. ആഗോള വിതരണ ശൃംഖലകൾക്കു ചെലവു കുറഞ്ഞ ബദലായി ഇന്ത്യയെ സ്ഥാപിച്ചുവെന്നും നിതി ആയോഗ് സിഇഒ വിശദീകരിച്ചു.
പ്രധാന മേഖലകളിലുടനീളമുള്ള ശക്തമായ വളർച്ച, സുസ്ഥിരമായ നിക്ഷേപ വരവ്, സർക്കാർ പിന്തുണയുള്ള വ്യാവസായിക തന്ത്രങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു ഇന്ത്യയുടെ സാന്പത്തിക കുതിപ്പ്. മാസങ്ങളായി നാമമാത്ര ജിഡിപിയിൽ ഇന്ത്യ ജപ്പാനുമായി ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു. 2025-26 സാന്പത്തികവർഷത്തിലെ ഇന്ത്യയുടെ നാമമാത്ര ജിഡിപി 4.187 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
2025ൽ 4.19 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയോടെ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയാകുമെന്നു പ്രതീക്ഷിക്കുന്നതായി ഏപ്രിലിൽ പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2013-14ലെ 1,438 ഡോളറിൽനിന്ന് 2025ൽ 2,880 ഡോളറായി ഇരട്ടിക്കുമെന്ന് ഐഎംഎഫ് കണക്കുകൾ പറയുന്നു.
2025-26ൽ ഇന്ത്യൻ സന്പദ്വ്യവസ്ഥ 6.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നേരത്തേ കണക്കാക്കിയിരുന്ന 6.5 ശതമാനത്തേക്കാൾ കുറവാണിത്.