50ൽ താഴെ ആയുധങ്ങളിൽ പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു
Sunday, August 31, 2025 1:49 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കാൻ 50ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചുള്ളൂവെന്ന് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി.
വെറും 21 മിനിറ്റിൽ പാക്കിസ്ഥാനു വിനാശകരമായ നഷ്ടമുണ്ടാക്കാനും വെടിനിർത്തലിനു നിർബന്ധിതമാക്കി സംഘർഷം ഒഴിവാക്കാനും കഴിഞ്ഞത് ഇന്ത്യൻ പ്രതിരോധസേനകളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണ, പ്രതിരോധ പ്രവർത്തനങ്ങളുടെ നട്ടെല്ലായി വർത്തിച്ച ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്ട്രോൾ സിസ്റ്റമാണ് (ഐഎസിസിഎസ്) വിജയത്തിനു കാരണമെന്ന് വ്യോമസേനാ ഉപമേധാവി വിശദീകരിച്ചു.
പ്രാരംഭ ആഘാതങ്ങൾ ആഗിരണം ചെയ്യാനും കഠിന മറുപടി നൽകാനും ഈ സംവിധാനം അനുവദിച്ചു. ഇന്ത്യയുടെ കൃത്യമായ തിരിച്ചടിയാണു സംഘർഷം ലഘൂകരിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്; പക്ഷേ അതവസാനിപ്പിക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ സേനയെ സജീവമാക്കുന്നതിനും വിന്യസിക്കുന്നതിനും സംഭവിക്കാവുന്ന ഏതൊരു സാഹചര്യത്തിനും അവർ സജ്ജരായിരിക്കുന്നതിനും ഓപ്പറേഷൻ സിന്ദൂർ കാരണമായി. ഭാവി ആക്രമണങ്ങളെ തടയാനുള്ള സന്ദേശമാകുന്നതും ദൃശ്യവുമായിരിക്കണം ഇന്ത്യയുടെ പ്രതികരണമെന്നതായിരുന്നു സേനാ വിഭാഗങ്ങൾക്കു ലഭിച്ച സന്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ധാരാളം ലക്ഷ്യകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഒടുവിലത് ഒന്‍പതെണ്ണമായി ചുരുങ്ങി. അവസാനം അന്‍പതിൽ താഴെ ആയുധങ്ങളിൽ സംഘർഷം ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യമെന്ന് എൻഡിടിവി പ്രതിരോധ ഉച്ചകോടിയിൽ എയർ മാർഷൽ തിവാരി പറഞ്ഞു.