സ്ഥിരം മിത്രങ്ങളോ ശത്രുക്കളോ രാജ്യത്തിനില്ല: പ്രതിരോധമന്ത്രി
Sunday, August 31, 2025 1:49 AM IST
ന്യൂഡൽഹി: രാജ്യത്തിനു സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്നും സ്ഥിരമായ താത്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തദ്ദേശീയമായി ഇന്ത്യ നിർമിച്ച പ്രതിരോധ സംവിധാനമായ "സുദർശൻ ചക്ര' ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മറ്റൊരു രാജ്യത്തുനിന്നും ഇനി യുദ്ധക്കപ്പലുകൾ വാങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തെന്നും ഇപ്പോൾ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധത്തിൽ സ്വാശ്രയത്വത്തിനായുള്ള ആത്മനിർഭരതയുടെ ഭാഗമായാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യക്കെതിരേ അമേരിക്ക 50 ശതമാനം അധികതീരുവ നടപ്പാക്കിയതിന്റെയും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചൈനയിലെത്തി പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ച നടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണു പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം.
വ്യാപാരത്തിന് ഇപ്പോൾ ആഗോളതലത്തിൽ യുദ്ധസമാനമായ സാഹചര്യമുണ്ട്. വികസിതരാജ്യങ്ങൾ കൂടുതൽ കൂടുതൽ സംരക്ഷണവാദികളായി മാറുന്നു. എന്നാൽ, ഇന്ത്യ ദേശീയതാത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രതിരോധമന്ത്രി വ്യക്തമാക്കി. ആരെയും ശത്രുവായി ഇന്ത്യ കണക്കാക്കുന്നില്ല.
പക്ഷേ ജനതാത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. അസ്ഥിരമായ ഭൂരാഷ്ട്രീയത്തിനിടയിൽ സ്വാശ്രയത്വം വെറുമൊരു നേട്ടമല്ല, ആവശ്യകതയായി മാറിയിരിക്കുന്നു. നമ്മുടെ സന്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും സ്വാശ്രയത്വം അത്യാവശ്യമാണ്- എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയിൽ രാജ്നാഥ് പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2014ൽ 700 കോടിയിൽ താഴെയായിരുന്നത് 24,000 കോടി രൂപയായി ഉയർന്നുവെന്ന് മന്ത്രി അറിയിച്ചു. ഇറക്കുമതി ചെയ്തിരുന്ന കാലത്തിൽനിന്നു വളർന്നുവരുന്ന കയറ്റുമതിക്കാരനിലേക്കുള്ള രാജ്യത്തിന്റെ മാറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നിവയുൾപ്പെടെ തദ്ദേശീയമായി രൂപകല്പന ചെയ്ത രണ്ടു നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റ് കപ്പലുകൾ കമ്മീഷൻ ചെയ്തതടക്കം രാജ്യം സ്വയംപര്യാപ്തയുടെ പുതിയ അധ്യായം രചിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷമുള്ള കൃത്യതയുള്ള ആക്രമണങ്ങളുടെ വിജയം തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ എടുത്തുകാണിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.