ചർച്ചയിൽ പ്രതീക്ഷയറ്റു; ഗാസ വെടിനിർത്തൽ വിദൂരത്ത്
Sunday, July 13, 2025 1:01 AM IST
ദോഹ: ഗാസ വെടിനിർത്തലിനായി ഇസ്രയേലും ഹമാസും തമ്മിൽ ഖത്തറിൽ നടത്തുന്ന ചർച്ച തകർച്ചയുടെ വക്കിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ സഹായവിതരണം, ഇസ്രേലി സേനയുടെ പിന്മാറ്റം എന്നീ വിഷയങ്ങളിൽ അഭിപ്രായസമന്വയത്തിലെത്താൻ കഴിയാത്തതാണു കാരണം.
ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ തന്പടിച്ചിരിക്കുന്ന ഇസ്രേലി, ഹമാസ് പ്രതിനിധികൾ എട്ടു വട്ടം പരോക്ഷ ചർച്ചകൾ നടത്തി. അമേരിക്ക മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണു പരിഗണനയിലുള്ളത്.
ഗാസയിലുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം സംബന്ധിച്ച പദ്ധതി ഹമാസ് അംഗീകരിക്കാൻ തയാറല്ല. പിന്മാറ്റത്തിനു ശേഷവും ഗാസയിലെ 40 ശതമാനം പ്രദേശവും ഇസ്രേലി സേനാ നിയന്ത്രണത്തിലായിരിക്കും എന്നതാണു കാരണം. തെക്കൻഗാസയിലെ റാഫ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് പിൻവാങ്ങില്ലെന്നാണ് ഇസ്രേലി നിലപാട്.
ഗാസയിലെ സഹായവിതരണത്തിന്റെ ചുമതല ഐക്യരാഷ്ട്രസഭ പോലുള്ള ഏജൻസികളെഏൽപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേലിനു സ്വീകാര്യമല്ല. ഏറെ വിവാദങ്ങളുണ്ടാക്കിയ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സംഘടനവഴി സഹായവിതരണം നടത്താനാണ് ഇസ്രയേലിനു താത്പര്യം.
അമേരിക്ക കൂടുതൽ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ചർച്ച പൊളിയുമെന്നാണ് ഇസ്രയേൽ, പലസ്തീൻ വൃത്തങ്ങൾ നല്കുന്ന സൂചന.