ബെദൂയിനുകളും ദ്രൂസുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
Saturday, July 19, 2025 12:14 AM IST
ഡമാസ്കസ്: സിറിയയിലെ ദ്രൂസ് ന്യൂനപക്ഷ പോരാളികളും സുന്നി ബെദൂയിൻ ഗോത്രവിഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ.
ദ്രൂസുകൾക്കു ഭൂരിപക്ഷമുള്ള സുവെയ്ദ നഗരത്തിൽ വീണ്ടും സിറിയൻ സേന പ്രവേശിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നേരത്തേ ദ്രൂസുകളുമായി ഉണ്ടാക്കിയ വെടിനിർത്തൽ പ്രകാരം സിറിയൻ സേന ഇവിടെനിന്നു പിൻവാങ്ങിയതാണ്.
ഒരാഴ്ചയിലേക്കെത്തുന്ന സംഘർഷത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ദ്രൂസുകളും ബെദൂയിനികളും തമ്മിലാണ് ഏറ്റുമുട്ടലാരംഭിച്ചത്. സംഘർഷം നിയന്ത്രിക്കാനെത്തിയ സിറിയൻ സേനയും ദ്രൂസുകൾക്കെതിരേ തിരിഞ്ഞു.
ഇതിനിടെ ദ്രൂസുകൾക്കുവേണ്ടി രംഗത്തിറങ്ങിയ ഇസ്രേലി സേന ഡമാസ്കസിൽ ബോംബിട്ടു. ഇതിനു പിന്നാലെ യുഎസ്, ടർക്കി, അറബ് നേതൃത്വങ്ങൾ മുൻകൈയെടുത്ത് വെടിനിർത്തലുണ്ടാക്കി. ഇന്നലെ ദ്രൂസുകളും ബെദൂയിനുകളും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
ഡിസംബറിൽ അസാദ് ഭരണകൂടം നിലംപൊത്തിയ ശേഷമാണ് വംശീയ വിഭാഗങ്ങൾ തമ്മിൽ സംഘർഷം വർധിച്ചത്.