ഹോങ്കോംഗ് സമരം: രാഷ്്ട്രീയ നേതാവിന്റെ ചെവി തുന്നിച്ചേർത്തു
Tuesday, November 5, 2019 12:10 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിൽ അക്രമിയുടെ ആക്രമണത്തിൽ പരിക്കേറ്റ രാഷ്ട്രീയ നേതാവ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോർട്ട്. ശനിയാഴ്ച പ്രകടനക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ അക്രമി ഡിസ്ട്രിക്ട് കൗൺസിലർ ആൻഡ്രൂ ചിയു ക്യായിന്റെ ചെവി കടിച്ചുമുറിച്ചു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ചെവി തുന്നിച്ചേർക്കുന്നതിൽ ഡോക്ടർമാർ വിജയിച്ചെന്നും സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു. നാലുപേരെ അക്രമി കത്തികൊണ്ടു കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ജനക്കൂട്ടം അക്രമിയെ തല്ലിച്ചതയ്ക്കുകയും പിന്നീടു പോലീസിനു കൈമാറുകയും ചെയ്തു.
ജൂണിൽ തുടങ്ങിയ സർക്കാർ വിരുദ്ധ സമരം ശമനമില്ലാതെ തുടരുകയാണ്. കുറ്റവാളിക്കൈമാറ്റ കരാർ ബില്ലിനെതിരേ തുടങ്ങിയ സമരം ബിൽ പിൻവലിച്ചശേഷം കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ്.
ഇതിനിടെ ചൈനീസ് സ്ഥാപനങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായി.സിൻഹുവാ ന്യൂസ് ഏജൻസി ഓഫീസിന്റെ ജനലുകളും മറ്റും പ്രകടനക്കാർ ശനിയാഴ്ച തല്ലിത്തകർത്തു. ജനാധിപത്യ പ്രക്ഷോഭകർക്ക് എതിരേ കടുത്ത നടപടി സ്വീകരിക്കാൻ ഇനിയും അമാന്തിക്കരുതെന്ന് കമ്യൂണിസ്റ്റ് പാർട്ടി പത്രം പീപ്പിൾസ് ഡെയിലി ആവശ്യപ്പെട്ടു.