പാക് അധിനിവേശ കാഷ്മീരിൽ തെരഞ്ഞെടുപ്പ്
Monday, July 26, 2021 12:33 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അധിനിവേശ കാഷ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യാ അസംബ്ലിയിലേക്ക് ഇന്നലെ തെരഞ്ഞെടുപ്പു നടന്നു. 53 അംഗ നിയമസഭയിലെ 45 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. അഞ്ചു സീറ്റുകൾ വനിതകൾക്കും മൂന്നെണ്ണം സാങ്കേതികവിദഗ്ധർക്കും സംവരണം ചെയ്തിരിക്കുന്നു.
തെരഞ്ഞെടുപ്പു നടക്കുന്ന 45 മണ്ഡലങ്ങളിൽ 33 എണ്ണമാണു പാക് അധീന കാഷ്മീരിലുള്ളത്. ബാക്കിയുള്ള 12 എണ്ണം പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വാസമുറപ്പിച്ചിട്ടുള്ള അഭയാർഥികൾക്കുവേണ്ടിയാണ്.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ്, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ-എൻ, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പിപിപി പാർട്ടികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണു പ്രചാരണവേളയിൽ ദൃശ്യമായത്. തീവ്രനിലപാടുകാരായ തെഹ്രിക് ഇ ലബ്ബായിക്കും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുസുരക്ഷ ഉറപ്പുവരുത്താൻ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. ഗിൽഗിത്- ബാൾട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനു നിയമസാധുത ഇല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.