ഇറാക്കി ജനത വോട്ടുചെയ്തു
Monday, October 11, 2021 12:37 AM IST
ബാഗ്ദാദ്: ഇറാക്കിൽ ഇന്നലെ പൊതു തെരഞ്ഞെടുപ്പു നടന്നു. പാർലമെന്റിലെ 329 സീറ്റുകളിലേക്ക് 3,449 പേരാണു മത്സരിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സ്ഫോടനങ്ങളും വെടിവയ്പുകളും ആവർത്തിക്കാതിരിക്കാൻ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
രണ്ടര ലക്ഷം സുരക്ഷാ ജീവനക്കാരെയാണു വിന്യസിച്ചത്. കര, വ്യോമ അതിർത്തികൾ അടച്ചിരുന്നു. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അടുത്തവർഷം നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തേയാക്കുകയായിരുന്നു.
2018ലെ തെരഞ്ഞെടുപ്പിൽ 44 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അതിലും കുറഞ്ഞേക്കാം. ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രസിഡന്റ് ബർഹാം സാലിഹ്, പ്രധാനമന്ത്രി അൽ ഖദീമി, ഗ്രാൻഡ് ആയത്തൊള്ള അലി അൽ സിസ്താനി എന്നിവർ അഭ്യർഥിച്ചു.