എസ് 400: ഇന്ത്യക്കെതിരേ ഉപരോധം ഒഴിവാക്കുന്നതിൽ തീരുമാനമായില്ലെന്ന് യുഎസ്
Wednesday, November 24, 2021 11:44 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരേ ഉപരോധം ഒഴിവാക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക.
റഷ്യൻ പ്രതിരോധ, ഇന്റലിജൻസ് വിഭാഗങ്ങളുമായി ഇടപാടു നടത്തുന്ന ഏതു രാജ്യത്തിനെതിരേയും ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന നിയമം അമേരിക്കയിലുണ്ട്. ഇന്ത്യക്കെതിരേയും ഇതു പ്രയോഗിക്കുമോയെന്ന ആശങ്കയുണ്ട്.
ഇന്ത്യയുമായുള്ള തന്ത്രപങ്കാളിത്തത്തെ ഏറെ വില മതിക്കുന്നുവെന്നും എന്നാൽ നിയമത്തിൽ ഏതെങ്കിലും രാജ്യത്തിന് ഇളവു നല്കുന്ന വ്യവസ്ഥ ഇല്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
ഇന്ത്യക്കെതിരേ ഉപരോധം ഏർപ്പെടുത്തരുതെന്നു ഭരണം നടത്തുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെയും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിലെയും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.