ടെക്സസ് ഭീകരാക്രമണം: രണ്ടു കൗമാരക്കാർ അറസ്റ്റിൽ
Monday, January 17, 2022 11:41 PM IST
ടെക്സസ്: ടെക്സസിലെ ജൂതപ്പള്ളിയിൽ ആളുകളെ ബന്ദിയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു രണ്ടു കൗമാരക്കാർ ഇംഗ്ലണ്ടിൽ അറസ്റ്റിൽ. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൗത്ത് മാഞ്ചസ്റ്ററിൽ അറസ്റ്റിലായ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ല.
അമേരിക്ക നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നു ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.
ആക്രമണം നടത്തിയ ബ്രിട്ടീഷ് പൗരനും ബ്ലാക്ബേണ്‍ സ്വദേശിയുമായ മാലിക് ഫൈസൽ അക്രം (44) കോളിവില്ലിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച മുന്‍പാണ് ന്യൂയോർക്ക് വിമാനത്താവളം വഴി അക്രം അമേരിക്കയിൽ എത്തിയത്.
ബ്ലാക്ബേണ്‍ മുസ്ലിം സമൂഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, അക്രത്തിന്റെ സഹോദരൻ ഗുൽബർ മരണം സ്ഥിരീകരിച്ചു. അക്രത്തിനു മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായി ഗുൽബർ പറഞ്ഞു.