അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും വിജയ പ്രതീക്ഷകളെക്കുറിച്ചും ജോസ് ടോം പുലിക്കുന്നേല്‍
Thursday, September 12, 2019 2:03 PM IST
കോട്ടയം: മാണി സാറിനൊപ്പം നിന്നതിന്റെ അനുഭവ സമ്പത്തും ഗുണവും തന്റെ പൊതുപ്രവര്‍ത്തനത്തിലുണ്ടെന്നും ആ ബോധ്യമാണ് തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നും പാലാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍.

എന്റെ ഹൃദയത്തിലും പാലായിലെ ജനങ്ങളുടെ ഹൃദയത്തിലും മാണി സാറാണ്. അതു തന്നെയാണ് മാണി സാറിനെ സ്‌നേഹിക്കുന്ന പാലായിലെ വോട്ടര്‍മാരുടേയും മുദ്രാവാക്യം. 1969ല്‍, പതിമൂന്നാം വയസില്‍ വിദ്യാര്‍ഥി സംഘടനയിലൂടെ ആരംഭിച്ച്, മാണി സാറിനൊപ്പം നിന്നതിന്റെ അനുഭവ സമ്പത്തും ഗുണവും എന്റെ പൊതുപ്രവര്‍ത്തനത്തിലുണ്ട്.

ഈ സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമാണ്. നിരവധിപേര്‍ കേരള കോണ്‍ഗ്രസിന്റെ പാലാ നിയോജക മണ്ഡലത്തില്‍ ഈ സ്ഥാനത്തേക്കു വരാന്‍ യോഗ്യതയുള്ളവരുണ്ട്. പാര്‍ട്ടി എന്റെ പേര് അവസാനഘട്ടത്തില്‍ പരിഗണിച്ച് എന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. പാര്‍ട്ടിയേല്‍പ്പിച്ച ചുമതലകള്‍ കൃത്യമായും സത്യസന്ധമായും ആത്മാര്‍ഥമായും കഴിവിന്റെ പരമാവധി മികവോടെ ഞാന്‍ ചെയ്തിട്ടുണ്ട്. ആ ബോധ്യമാണ് എന്നെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.എണ്ണയിട്ട യന്ത്രം പോലെയാണ് പാലായില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം. ഘടകകക്ഷികള്‍ ഏതെന്നു പോലും അറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യം. മാണി സാറിന്റെ പാലാ നൂറു ശതമാനവും യുഡിഎഫിന്റെയാണെന്നും അതുകൊണ്ടുതന്നെ വജയത്തിന്റെ കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ലെന്നും ജോസ് ടോം ദീപിക ന്യൂസിനോടും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.