ഹാ​ഫ്ടൈം ആ​യി​ട്ടി​ല്ല, നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ച്ചു​വ​രാ​ൻ നേ​ര​മു​ണ്ട്; സ​ർ​ക്കാ​രി​നെ​തി​രേ ഷാ​ജി
Wednesday, May 27, 2020 1:51 PM IST
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി കെ.എം. ഷാജി എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം കുറിപ്പു പങ്കുവച്ചത്.

ഇതുവരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പില്‍ നിങ്ങള്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരുമെന്നും ഷാജി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രവാസികളുടെ ക്വാറന്‍റൈൻ ചെലവ്‌ അവർ വഹിക്കണം എന്നാണല്ലോ 'കേ മു' വക പുതിയ ഉത്തരവ്‌.കേട്ടാൽ തോന്നും ഇത്‌ വരെ വന്നവർക്ക്‌ ഫൈവ്‌ സ്റ്റാർ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത്‌ മുടിഞ്ഞതാണെന്ന്!!

മരബെഞ്ചിൽ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവിൽ നിന്ന് ചെലവായിട്ടില്ല!. അല്ലെങ്കിലും കോവിഡ്‌ ദുരിതത്തിൽ നിങ്ങൾക്ക്‌ ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത്‌ നല്ലതാ!!

കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്നദ്ധ സംഘടനകളും. സിഎച്ച്‌ സെന്‍ററിന്‍റെയും ശിഹാബ്‌ തങ്ങൾ ട്രസ്റ്റിന്‍റെയും മറ്റ്‌ സേവന സംഘങ്ങളുടെയും ആംബുലൻസുകൾ.

ക്വാറന്‍റൈൻ കേന്ദ്രങ്ങൾ പല സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താൽ, മറ്റ്‌ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസ്സ്‌, കെഎംസിസി പോലുള്ള പ്രസ്ഥാനങ്ങളുടെ വക ബസുകൾ.

ഗൾഫിൽ നിന്നും തിരിച്ചു വരാൻ പ്രയാസമനുഭവിക്കുന്ന പാവം പ്രവാസികൾക്ക്‌ വിമാനം കയറാൻ കെഎംസിസി അടക്കമുള്ള മലയാളി സംഘടനകളുടെ വക ടിക്കറ്റ്‌. (സി പി എമ്മിനും ഡിഫിക്കും 'പിണറായി ഡാ' പോസ്റ്റർ തയ്യാറക്കുന്നതിലുള്ള അദ്ധ്വാനം മറക്കുന്നില്ല.)

ഇങ്ങനെയൊക്കെ സ്വന്തം നാട്ടിൽ വന്നിറങ്ങുന്ന പാവങ്ങൾക്ക്‌ ലെഫ്റ്റും റൈറ്റും പറയാൻ നിങ്ങൾ പട്ടാള കമാന്‍റല്ല; ഒരു ജനാധിപത്യ സർക്കാറിന്‍റെ നേതൃത്വം വഹിക്കുന്ന മനുഷ്യനാണ്‌.

ഈ മഹാമാരി കേരളത്തിൽ ഉണ്ടായതല്ലല്ലോ. ചൈനയിൽ നിന്ന് പുറപ്പെട്ട്‌ ലോകത്ത്‌ പരന്നതല്ലേ.
അപ്പോൾ പ്രവാസികളായിരിക്കും ഇതിന്‍റെ ഇരകളെന്നും മനസ്സിലാവാഞ്ഞിട്ടല്ലല്ലോ. കളി തുടങ്ങുമ്പോൾ തന്നെ വിജയാരവം മുഴക്കിയ പോരാളിമാരും തളർന്ന ഭാവത്തിലാണല്ലോ. ഹാഫ്‌ ടൈം ആയിട്ടില്ല, ഒന്ന് വിശ്രമിച്ച്‌ നാരങ്ങാ വെള്ളമൊക്കെ കുടിച്ച്‌ വരാനുള്ള നേരമുണ്ട്‌!

വൈകുന്നേരത്തെ വായ്ത്താരിക്ക്‌ കൂട്ടിരിക്കാൻ വരുന്ന സഹകളിക്കാർ പോലും കൈകളിൽ താടിയും താങ്ങി ഇരിക്കുന്നത്‌ കണ്ടാൽ ഉറപ്പാണു കാലുറക്കാതായീന്ന്. ഏത്‌ ദുരന്തങ്ങളെയും നന്മ വാരി വിതറി തോൽപിക്കുന്ന മലയാളിയുടെ പടക്ക്‌ മുമ്പിൽ വന്ന് ബാനറുയർത്തി ആളാവുന്ന വമ്പ്‌ പഴയത്‌ പോലെ ഫലിക്കുന്നില്ല, അല്ലേ!!

പി ആർ ടീം പറയുന്നതല്ല കേരളം എന്ന് "ഇമേജ് ബിൽഡിങ്ങിനിടയിൽ' ഓർക്കുന്നത്‌ നല്ലതാ!!

പണ്ട് ഗൾഫിൽ വെച്ച്‌ ആഞ്ഞു തള്ളിയ ആ വാഗ്ദാനമില്ലേ,ജോലി ഇല്ലാതെ വരുന്ന പ്രവാസികൾക്കുള്ള ആ ആറു മാസത്തെ ശമ്പളം. അതിൽ നിന്ന് ക്വാറന്‍റൈൻ ചെലവെടുത്ത്‌ ബാക്കി വരുന്നത്‌ "കൊലപാതകികളെ ജയിലിന്നിറക്കാൻ എടുത്തോളൂ' എന്ന് പറഞ്ഞാൽ വിജിലൻസ്‌ കേസുണ്ടാവോ ആവോ.

ഒരു കാര്യം ഉറപ്പാണ്‌. നിങ്ങൾ ചെലവ്‌ വഹിച്ചില്ലെങ്കിലും പ്രവാസികൾ വരും. അർക്ക്‌ കിടക്കാൻ ഒരു പായയും കഴിക്കാൻ അൽപം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനസുകൾ കരുതിയിട്ടുണ്ട്‌.

ആ സഹായ സന്നദ്ധതയുടെ ഫോട്ടോകളെടുത്ത്‌ "ഇതിഹാസം തീർത്ത രാജാ' എന്ന ബി ജി എമ്മും ഇട്ട്‌ സർക്കാരിന്റെ ചെലവിലാക്കാൻ ആ വഴിക്ക്‌ വന്നാൽ ജനം ചൂലു കൊണ്ട്‌ പെരുമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.