കണ്ണൂർ: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി. സന്തോഷ്കുമാർ എംപി. സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കണ്ണൂർ ടൗൺസ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് പി. സന്തോഷ്കുമാർ എംപി എൽഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.
ഇന്ത്യയിൽ അവശേഷിക്കുന്ന കേരളത്തിലെ ഇടത് സർക്കാരിന് പരിമിതികളുണ്ടാകുമെങ്കിലും തിരുത്തലുകൾ നടത്തേണ്ടിടത്ത് തിരുത്തിയും ആവശ്യമായ പരിശോധനകൾ നടത്താനും തയാറാകണമെന്നായിരുന്നു വിമർശനം. യുഡിഎഫിന്റെ കാലത്ത് കൊള്ളരുതായ്മകൾ ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ അതു കൊണ്ട് എൽഡിഎഫിന്റെ കാലത്ത് സംഭവിച്ച വീഴ്ചകളെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കോട്ടയത്തെ മെഡിക്കൽ കോളേജ് കെട്ടിടം വീണ് സ്ത്രീ മരണപ്പെട്ട സംഭവം ഏറെ നിർഭാഗ്യകരമാണ്. മെഡിക്കൽ കോളജധികൃതർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതായിരുന്നു. പക്ഷെ നിർഭാഗ്യകരമായ ആ ദുരന്തം പോലും എൽഡി എഫിനെ പരാജയപ്പെടുത്താനും രാഷ്ട്രീയ ആയുധമാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കണം.
നിലമ്പൂർ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് മത-വർഗീയ ശക്തികൾ കരുത്താർജിച്ചിട്ടുണ്ട്. ജാതീയമായും മതപരമായും സമൂഹത്തെ വിഭജിക്കാനുള്ള നീക്കമാണ് നടക്കുന്നത്. യുഡിഎഫ് ഇത്തരക്കാർക്ക് ആവേശം പകരുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തി പ്രതിരോധിക്കണം. ഇതിന് എൽഡിഎഫ് മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്നും പി. സന്തോഷ്കുമാർ എംപി പറഞ്ഞു.
ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, പി.വസന്തം, സംസ്ഥാന എക്സിക്യുട്ടീവംഗം സി.പി.മുരളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ. ചന്ദ്രൻ, സി.പി. ഷൈജൻ , നേതാക്കളായ എ. പ്രദീപൻ, കെ.ടി. ജോസ്, താവം ബാലകൃഷ്ണൻ, പി.കെ. മധുസൂദനൻ, കെ.വി. ബാബു, വി.കെ. സുരേഷ് ബാബു, വി. ഷാജി, സി.വിജയൻ, പി. അജയകുമാർ, മുൻ ജില്ലാ സെക്രട്ടറി സി.രവീന്ദ്രൻ, വെള്ളോറ രാജൻ, എൻ. ഉഷ എന്നിവർ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.