കണ്ണൂർ: തകർച്ച നേരിടുന്ന കെട്ടിടത്തിൽ ആശുപത്രി വിഭാഗം പ്രവർത്തിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.
ആശുപത്രിയിലെ ഫീസിബിലിറ്റി നഷ്ടപ്പെട്ട കെട്ടിടത്തിലാണ് ഇപ്പോഴും ഓക്സിജൻ സിലിണ്ടറുകൾ, മരുന്ന് സംഭരണം എന്നിവ നടത്തുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടത്തിലൂടെയാണ് രോഗികളും കൂട്ടിരിപ്പുകാരും നടന്നുപോകുന്നത്. ജീവനക്കാർ വിശ്രമിക്കാനും ഈ കെട്ടിടം ഉപയോഗിച്ചു വരുന്നുണ്ട്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും ജീവൻ പോലും അപകടപ്പെടുത്തുന്ന അവസ്ഥയുണ്ടായിട്ടും ബന്ധപ്പെട്ടവർ നിസംഗത പുലർത്തുകയാണെന്നാരോപിച്ചായിരുന്നു മാർച്ചും ഉപരോധവും.
പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഡോ. ഷാജിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. സൂപ്രണ്ടിനെയോ ഡപ്യൂട്ടി സൂപ്രണ്ടിനെയോ കാണാതെ മടങ്ങില്ലെന്ന് സമരക്കാർ അറിയിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ സൂപ്രണ്ട് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. വരുൺ അധ്യക്ഷത വഹിച്ചു. സുബീഷ് മരക്കാർക്കണ്ടി, പ്രിനിൽ മതുക്കോത്ത്, റൂബിൻ കിഴുന്ന, റിജിൻ ബാബു, സി.എച്ച്. മുഹമ്മദ് റിബിൻ, പി.എ. ഹരി, ശ്രീരാഗ് വലിയന്നൂർ, അതുൽ നാരായണൻ, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട് എന്നിവർ നേതൃത്വം നൽകി.
ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ, ഡോക്ടർമാരുടെ കുറവ്, സർജിക്കൽ വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം ശസ്ത്രക്രിയ മാറ്റിവയ്ക്കൽ എന്നീ കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
ഉപരോധ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്ന് സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവാശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം പ്രസിഡന്റ് സി.എം. ഇസുദ്ദീൻ, ജനറൽ സെക്രട്ടറി അസ്ലം പറേത്ത്, താഹിർ പള്ളിപ്രം, മൻസൂർ കാനച്ചേരി, റഷിദ് പടന്ന, സഹീർ താണ, ഫാരിസ് കൊച്ചിപ്പള്ളി, സിറാജ് ഉരുവച്ചാൽ, സൈനുദ്ദീൻ മുണ്ടേരി, കെ.പി. അർഷിൽ, റാഷിദ് സിറ്റി, മുസ്തഫ സിറ്റി എന്നിവർ നേതൃത്വം നൽകി.