വാഴക്കുളം: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. 2001 ലാണ് കോതമംഗലം രൂപതയുടെ കീഴില്‍ വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് പ്രവർത്തനം ആരംഭിക്കുന്നത്. നാക്, എന്‍ബിഎ അക്രഡിറ്റേഷനുകള്‍ ലഭിച്ചിട്ടുള്ള വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജിന് 2025 മുതല്‍ സ്വയംഭരണ അനുമതിയും ലഭിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പൂര്‍വവിദ്യാര്‍ഥി സംഗമം, പ്രഭാഷണ പരമ്പരകള്‍, ചിത്ര പ്രദര്‍ശനം, സാങ്കേതിക പ്രദര്‍ശനങ്ങൾ, സ്കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സരങ്ങള്‍, പ്രഫഷണല്‍ അസോസിയേഷനുകളും സൊസൈറ്റികളും സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറുകള്‍, സില്‍വര്‍ ജൂബിലി ജോബ് ഫെയര്‍,
വ്യാവസായിക സമ്മേളനങ്ങള്‍, വിവിധ തലങ്ങളിലുള്ള സ്കോളര്‍ഷിപ്പ് എന്‍ഡോവ്മെന്റ് ഫണ്ട്, ഡിജിറ്റല്‍ സാക്ഷരതാ പദ്ധതികള്‍, ഗ്രാമം ദത്തെടുക്കല്‍ പദ്ധതി, കലാ സാംസ്കാരിക പ്രദര്‍ശനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ഒട്ടനേകം പദ്ധതികളാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന് അറിയിച്ചു.
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും കോളജ് ഡയറക്ടറുമായ റവ.ഡോ. പോള്‍ പാറത്താഴം, ഡോ. കെ.വി തോമസ് കപ്യാരുമല, കെ.ടി മാത്യു കൊച്ചുമുട്ടം, വിവിധ വകുപ്പ് മേധാവികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.