കടയിൽ കയറി ജീ​വ​ന​ക്കാ​രി​യുടെ മാ​ല ക​വ​ർ​ന്ന​യാ​ളെ പി​ടി​കൂ​ടി
Wednesday, September 18, 2024 6:24 AM IST
വി​ഴി​ഞ്ഞം: സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ൽ എ​ത്തി​ ജീ​വ​ന​ക്കാ​രി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യുവാവിനെ പി​ടി​കൂ​ടി. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇയാളെ ഓ​ടി​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇയാൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട പു​ളി​ങ്കു​ടി റോ​ഡി​ൽ ക​ട​ന​ട​ത്തു​ന്ന പു​ളി​ങ്കു​ടി സ്വ​ദേ​ശി മി​നി കു​മാ​രി (52) യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് തേ​ങ്ങാ​പ്പ​ട്ട​ണം സ്വ​ദേ​ശി ആ​ഷി​ക് റ​ഹ്‌മാ​ൻ (25) നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മി​നി​കു​മാ​രി​യോ​ട് ക​വ​ർ പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​യെ​ത്തി​യ​ത്.


പാ​ൽ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രി ബ​ഹ​ളം വച്ച​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​രും സ​മീ​പ​ത്ത് പ​ട്രോ​ളിം​ഗി​ന് ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ം ഓ​ടി​യെ​ത്തി. ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യുവാവിനെ ബ​ലം പ്ര​യോ​ഗി​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ഒ​രു ചാ​യ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.