പൊട്ടിപ്പൊളിഞ്ഞ ടോയ്ലെറ്റുകള്; ക്ലിഫ്ഹൗസിനു പുറത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ദുരിതത്തില്‍
1591838
Monday, September 15, 2025 6:44 AM IST
പേരൂര്‍ക്കട: നന്തന്‍കോട് ക്ലിഫ്ഹൗസില്‍ ഡ്യൂട്ടിനോക്കുന്ന പോലീസുകാര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. ശുചീകരണവും മെയിന്റനന്‍സും ഇല്ലാത്തതിനാല്‍ ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടോയ്ലെറ്റുകൾ പരിതാപകരമായ അവസ്ഥയിലാണ്.
ക്ലിഫ്ഹൗസിന് പുറത്ത് റോഡില്‍ ഡ്യൂട്ടിനോക്കുന്ന അന്‍പതോളം പോലീസുകാര്‍ക്ക് ഉപയോഗിക്കാന്‍ രണ്ട് വര്‍ഷത്തിനു മുമ്പ് നിര്‍മിച്ച ടോയ്ലെറ്റുകളാണ് നാശാവസ്ഥയില്‍ കിടക്കുന്നത്. മിക്ക ടോയ്ലെറ്റുകളുടെ ഡോറുകള്‍ക്കും കൊളുത്തുകളില്ല.
ശുചീകരണമില്ലാത്തതിനാല്‍ ചപ്പുചവറുകളും മറ്റുള്ള മാലിന്യവും നിറഞ്ഞുകിടക്കുന്ന ടൈല്‍പാകിയ തറ. യൂറോപ്യന്‍ ക്ലോസറ്റുകള്ക്കു മേല്മൂടികളില്ല. ഫ്ളഷുകള്‍ മൂന്നും പ്രവര്‍ത്തനം നിലച്ച നിലയില്‍. ടോയ്ലെറ്റുകളിലുള്ള ബക്കറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. പ്രാഥമിക കൃത്യനിര്‍വഹണത്തിനുശേഷം ശുചീകരണത്തിന് ഉപയോഗിക്കുന്ന പൈപ്പിനു ടാപ്പുപോലുമില്ല! ടോയ്ലെറ്റുകളിലേക്കുള്ള വെള്ളത്തിനു മാത്രം മുടക്കമില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചപ്പോൾ പോലീസുകാരുടെ എണ്ണം കൂട്ടിയതോടെയാണ് കൂടുതല്‍ ടോയ്ലെറ്റുകള് നിര്‍മിച്ചത്. അതേസമയം ഗാര്ഡ്റൂമിനു സമീപത്തെ ടോയ്ലെറ്റ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ചെല്ലാന്‍ റോഡില്‍ ഡ്യൂട്ടി നോക്കുന്ന പോലീസുകാര്‍ക്ക് അനുവാദമില്ല എന്നതാണ് വാസ്തവം.
അടിസ്ഥാന സൗകര്യങ്ങള്‍പോലും അധികാരികള്‍ നിഷേധിക്കുന്നത് നോക്കിനില്ക്കാന് മാത്രമാണ് പോലീസുകാരുടെ വിധി. തങ്ങളുടെ പരിദേവനങ്ങള്‍ ആരോടു പറയണം എന്നറിയാത്ത ദൈന്യതയിലാണ് പോലീസുകാര്‍.