ശ്രീകൃഷ്ണ ജയന്തി ആഘോഷം: മഹാശോഭായാത്ര ഇന്ന്
1591574
Sunday, September 14, 2025 5:56 AM IST
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ സമാപനംകുറിച്ച് ഇന്നു നടക്കുന്ന മഹാശോഭായാത്ര അനന്തപുരിയെ അന്പാടിയാക്കും. മയിൽപ്പീലിചൂടി പാൽപ്പുഞ്ചിരിയുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ചെറുതും വലുതുമായ ആയിരത്തോളം ശോഭയാത്രകളാണ് ഇന്ന് വൈകുന്നേരത്തോടെ നഗര, ഗ്രാമങ്ങളിൽ വീഥികളിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്.
വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകന്പടിയിൽ ഉണ്ണിക്കണ്ണന്മാർക്ക് പുറമെ ദേവ വേഷധാരികളും ഗോപികാനൃത്തവും കൃഷ്ണലീലകളുമെല്ലാം ശോഭയാത്രയെ വർണാഭമാക്കും. ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾക്ക് പുറമെ മറ്റു ക്ഷേത്രങ്ങളും ശോഭയാത്രയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. 80 കേന്ദ്രങ്ങളിലെ ശോഭയാത്രയാണ് പാളയം മഹാഗണപതി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കുന്നത്.
അവിടെനിന്നും മഹാശോഭയാത്രയായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് തിരിക്കും. വൈകുന്നേരം നാലിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മഹാശോഭയാത്ര പാളയം മഹാഗണപതി ക്ഷേത്രത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും.
ജില്ലാ അധ്യക്ഷൻ പ്രഫ. ടി.എസ്. രാജൻ അധ്യക്ഷനാകും. കഴക്കൂട്ടത്ത് 100ലധികം സ്ഥലങ്ങളിലും തിരുവല്ലത്ത് 60 ഇടങ്ങളിലും നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, പാലോട്, വെള്ളനാട്, അരുവിക്കര, കിളിമാനൂർ, വർക്കല, ആറ്റിങ്ങൽ, കല്ലന്പലം, പോത്തൻകോട് എന്നിവിടങ്ങളിലും ശോഭയാത്ര നടക്കും. ഓരോ ശോഭയാത്രാ കേന്ദ്രങ്ങളിലും കലാ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ ശോഭയാത്രകളുടെ ഭാഗമാകും.
"ഗ്രാമം തണലൊരുക്കട്ടെ...ബാല്യം സഫലമാകട്ടെ' എന്ന സന്ദേശവുമായുള്ള ഈവർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശോഭയാത്രയ്ക്ക് മുന്നോടിയായി കുട്ടികളുടെ സാംസ്കാരിക സമ്മേളങ്ങൾ, പതാക ദിനാചരണം, ഗോമാതാപൂജ, വൃക്ഷപൂജ, നദീപൂജ, ഗോപികാനൃത്തം തുടങ്ങിയവയും നിരവധി കേന്ദ്രങ്ങളിൽ ഉറിയടിയും സംഘടിപ്പിച്ചു.