താക്കോല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈ മാന്‍ഹോളില്‍ കുടുങ്ങി
1591081
Friday, September 12, 2025 6:33 AM IST
പേരൂര്‍ക്കട: മാന്‍ഹോളില്‍ വീണ ബൈക്കിന്റെ താക്കോല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈ കുടുങ്ങി. തിരുവനന്തപുരം ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് സ്പ്രെഡ്ഡര്‍ ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി.
ബുധനാഴ്ച അര്‍ധരാത്രിയോടടുത്തു വഴയില ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം. നെടുമങ്ങാട് കരിപ്പൂര്‍ മേക്കുംകര ഇടവിളാകത്ത് വീട്ടില്‍ ഷാജി (39)യുടെ കൈയാണ് മാന്‍ഹോളില്‍ കുടുങ്ങിയത്. ഷാജിയും സുഹൃത്തും വഴയിലയിലെ വീട്ടിലേക്കു തിരിക്കുന്നതിനായി റോഡുവശത്തുകൂടി നടന്നു. ഇതിനിടെ കൈവശമിരുന്ന താക്കോല്‍ അബദ്ധത്തില്‍ മാന്ഹോളിനുള്ളിലേക്കു വീഴുകയായിരുന്നു. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയുടെ കൈ മാന്‍ഹോളില്‍ കുടുങ്ങിയത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ സമീപത്തെ കടയില്‍ നിന്ന് എണ്ണ കൊണ്ടുവരികയും മാന്‍ഹോളില്‍ ഒഴിച്ച് ഷാജിയുടെ കൈ പുറത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതു വിജയിക്കാതെ വന്നതോടെ ഫയര്‍സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷഹീര്‍, പ്രദോഷ്, രാഹുല്‍, സനു, എഫ്.ആര്.ഒ ഡ്രൈവര്‍ സുമേഷ് എന്നിവര്‍ ചേര്‍ന്നാണു ഷാജിയെ രക്ഷപ്പെടുത്തിയത്. മാന്ഹോളില്വീണ താക്കോല്‍ എടുത്തുനല്‍കി ഷാജിയെ വീട്ടിലെത്തി ച്ചശേഷമാണ് ഫയര്‍ഫോഴ്സ് സംഘം മടങ്ങിയത്.