ബിന്ദുവിന് ജോലി വാഗ്ദാനം ചെയ്തു എംജിഎം ഗ്രൂപ്പ്
1590765
Thursday, September 11, 2025 6:31 AM IST
നെടുമങ്ങാട്: വ്യാജ മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട ബിന്ദുവിനു ജീവിത സ്വപ്നം പടുത്തുയർത്താൻ ജോലി വാഗ്ദാനവുമായി എംജിഎം ഗ്രൂപ്പ്. എംജിഎം ഗ്രൂപ്പ് ഓഫ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിതുര പൊന്മുടി വാല്യൂ പബ്ലിക് സ്കൂളിൽ പ്യുണായി ബിന്ദുവിനു നിയമനം നൽകി.
കഴിഞ്ഞ ഏപ്രിൽ മാസമാണ് പനവൂർ പനയമുട്ടം പാമ്പാടി സ്വദേശിനി ആർ. ബിന്ദുവിനെ എൻസിസി നഗർ ബഥേൽ വീട്ടിൽ ഓമന ഡാനിയേൽ നൽകിയ പരാതിയിൽ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂർ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചശേഷം പോലീസ് ബിന്ദുവിനെ വിട്ടയക്കുകയായിരുന്നു.തുടർന്നു മാസങ്ങൾക്ക് ശേഷമാണ് ബിന്ദു കുറ്റക്കാരിയല്ല എന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ഈ ആറുമാസക്കാലം ബിന്ദുവിന് വീട്ടുജോലിക്കു പോകാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ബിന്ദുവിന്റെ അവസ്ഥ മനസിലാക്കിയ എംജിഎം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ ഗീവർഗീസ് യോഹന്നാൻ ഏതെങ്കിലും ഒരു സ്കൂളിൽ പ്യൂണായി ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന് ഏറ്റവും സൗകര്യപ്രദമായ വിതുര പൊന്മുടി വാലി പബ്ലിക് സ്കൂളിൽ ജോലിക്ക് എത്താമെന്നു ബിന്ദു സമ്മതിച്ചു.
ഇതിനു പുറമെ വീട്ടിൽ ഫർണിച്ചർ സാധനങ്ങളും പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർഥിനികളായ മക്കൾക്കു പഠനോപകരണങ്ങളും വാ ങ്ങി നൽകി. എംജിഎം സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ സുനിൽകുമാർ വിതുര എംജിഎം സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായർ, മാനേജർ അഡ്വ. എൽ ബീന. എന്നിവർ വീട്ടിലെത്തി ജോലി വിവരം അറിയിക്കുകയും സാധനങ്ങളും കൈമാറുകയും ചെയ്തു.