ആത്മബോധമുണർത്താൻ സംഗീതം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
1591337
Saturday, September 13, 2025 6:48 AM IST
തിരുവനന്തപുരം: മനുഷ്യമനസിനെ വിമലീകരിക്കാനും മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനും സംഗീത ഉപാസന സഹായിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
ഗുരുവായൂർ ദേവസ്വം ചെന്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീവരാഹം ചെന്പൈ മെമ്മോറിയൽ ഹാളിൽ നടന്ന ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ രണ്ടാമത്തെ പരിപാടിയാണ് ചെന്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. സംഗീതവഴിയിൽ ജാതിമത ഭേദങ്ങളോ രാഷ്ട്രീയമോ ഇല്ല. സംഗീതത്തിന്റെ ആത്മചൈതന്യമാണ് ചെന്പൈ എന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രപഞ്ച സംഗീതം ആവാഹിച്ച് തീർഥമായി ആസ്വാദകർക്കു നല്‍കുന്നവരാണ് മഹാസംഗീതജ്ഞർ എന്ന് ചെന്പൈ അനുസ്മരണ പ്രഭാഷണത്തിൽ കവി പ്രഫ. വി. മധുസൂദനൻ നായർ പറഞ്ഞു.
വിശ്വസംഗീതധാര ആത്മാവിൽ ആവാഹിച്ച മഹാപുരുഷന്മാരിൽ ഏറ്റവും സ്മരണീയനാണ് ചെന്പൈ വൈദ്യനാഥ ഭാഗവതർ കേരളത്തിന്റെ മഹത്തായ സംഗീതപാരന്പര്യത്തെ വരുംതലമുറകളിലേക്കു പകർന്ന് നല്‍കാനുള്ള സാംസ്കാരികയജ്ഞം അനിവാര്യമാണ്. മൂല്യവത്തായ പുതിയ തലമുറയെ വാർത്തെടുക്കുവാൻ ഇത്തരം സാംസ്കാരിക മുന്നേറ്റങ്ങൾ നടത്തണം എന്നും വി. മധുസൂദനൻ നായർ വ്യക്തമാക്കി. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ആന്റണി രാജു എംഎൽഎ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ മുതിർന്ന സംഗീതജ്ഞരായ പ്രഫ. രുഗ്മിണി ഗോപാലകൃഷ്ണൻ, ലളിത ഗോപാലൻ നായർ, പ്രഫ. എസ്. ബാലമ്മാൾ, ചേർത്തല എം.കെ. രാമചന്ദ്രൻ, പാർവതിപുരം പദ്മനാഭ അയ്യർ എന്നിവരെ മന്ത്രി ആദരിച്ചു. കൗണ്‍സിലർമാരായ കെ. കെ. സുമേഷ്, ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.
ദേവസ്വം ഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ കൃതജ്ഞത പറഞ്ഞു. തുടർന്ന് വിഘ്നേഷ് ഈശ്വറിന്റെ സംഗീത കച്ചേരി നടന്നു. ചെന്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി 21 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15 മുതൽ പ്രമുഖ സംഗീതജ്ഞരുടെ കർണാടക സംഗീത കച്ചേരി നടക്കും.