ആഭ്യന്തരവിപണി കൈയടക്കാൻ കഴിയാതെ ഹോർട്ടികോർപ്
1590760
Thursday, September 11, 2025 6:31 AM IST
വിഴിഞ്ഞം: വൻകിട കമ്പനികൾ നൽകുന്നതിനേക്കാൾ വമ്പൻ വിലക്കുറവിൽ വില്പന നടത്തിയിട്ടും ആഭ്യന്തര വിപണി കൈയടക്കാൻ കഴിയാതെ ഹോർട്ടികോർപ്. കഴിഞ്ഞ വർഷം ഏറ്റെടുത്ത അൻപതിനായിരത്തോളം കിലോ തേനും ഇക്കുറി പൂർണമായി വിറ്റഴിക്കാനായില്ല .
തേൻ ശേഖരണം വഴിമുട്ടിയതോടെ കേരളത്തിലെ ആയിരക്കണക്കിനു തേനിച്ച കർഷകർ ദുരിതത്തിലായി. ബാങ്ക് ലോണെടുത്തും പലിശയ്ക്കു പണം വാങ്ങിയും തേനിച്ച വളർത്തുന്ന നിരവധി പേർ നഷ്ടക്കണക്കുകൾ എണ്ണിയിട്ടും നിസാഹയരായി അധികൃതർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൻകിട കമ്പനികൾ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ വിപണി പിടിച്ചടക്കിയതാണ് ഹോർട്ടികോർപിനു വൻ തിരിച്ചടിയായത്. മറ്റ് ഉത്പന്നങ്ങൾക്ക് നൽകുന്ന തരത്തിൽ സർക്കാർ സബ്സിഡി നൽകാതെ വന്നതോടെ തനതു ഫണ്ടിൽനിന്നുള്ള പണം കൊണ്ടാണ് കോർപ്പറേഷൻ കിലോക്ക് 195 രൂപ നിരക്കിൽ തേൻ ശേഖരിച്ചിരുന്നത്. ഏറ്റെടുത്തതിന്റെ വിറ്റഴിക്കൽ കുറഞ്ഞ ഇക്കുറി ശേഖരണം പൂർണമായി സ്തംഭിച്ചതാണ് കർഷകർക്ക് വിനയായത്.
നൂറിൽ കൂടുതൽ തേനിച്ചക്കൂടുകളുള്ള അയ്യായിരത്തോളം കർഷകർ ഹോർട്ടി കോർപിൽ മാത്രം അംഗങ്ങളായുണ്ടെന്നാണറിവ്. ഇതു കൂടാതെ വിവിധ സൊസൈറ്റികളിലും മറ്റുമായി നൂറുകണക്കിനു പേർ വേറെയും അംഗങ്ങളായുണ്ടെന്നും അധികൃതർ പറയുന്നു. ജനുവരി, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കർഷകർ ശേഖരിക്കുന്ന തേൻ മതിയായ വില നൽകുന്ന സ്ഥാപനങ്ങൾക്ക് ദിവസങ്ങൾക്കുള്ളിൽ വിറ്റഴിക്കുകയാണ് പതിവ്. ഹോർട്ടികോർപിനെ കൂടാതെ ഖാദിബോ ർഡ്, മറുനാടൻ സൊസൈറ്റി, ആയൂർവേദ സ്ഥാപനമായ ഔഷധി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ നേരിട്ടു തേൻ വാങ്ങുന്നതായി കർഷകർ പറയുന്നു.
ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനനുസരിച്ചുള്ള ശേഖരണവും കർഷകരെ ബാധിക്കുന്നുണ്ട്. പ്രത്യേക രീതിയിൽ പരമാവധി ഒരു വർഷം വരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളാണ് കർഷകർക്കുള്ളത്.
നിലവിൽ ശേഖരിച്ച് ആറു മാസം വരെ കഴിഞ്ഞ തേൻ ഇനിയെങ്കിലും അധികൃതർ ഏറ്റെടുത്തില്ലെങ്കിൽ പലരും വലിയ കടക്കെണിയിലാകും. കേരളത്തിൽ ഏറ്റവുമധികം കർഷകരുള്ളത് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടങ്കരയിലാണെന്ന് അധികൃതർ പറയുന്നു. ഇവിടത്തെ നൂറുകണക്കിന് പേരുടെ ഏക വരുമാനമാണ് തേനിച്ച കൾ. ഡീസൺ കഴിഞ്ഞാൽ ഈച്ചകളുടെ വളർച്ചയ്ക്കായുള്ള ഭക്ഷണത്തിനും സംരക്ഷണത്തിനു മായി ഭാരിച്ച തുക ചിലവഴിക്കേണ്ടിവരുമെന്നും കഷകർ പറയുന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള എസ്റ്റേറ്റുകളിലെത്തിക്കുന്ന കൂടുകളിൽ നിന്നുള്ള തേൻ ശേഖരണം കുറഞ്ഞാലും കർഷകർ നഷ്ടത്തിലേക്കു കൂപ്പുകുത്തും. മറ്റു വൻകിട കമ്പനികൾ ശേഖരിച്ചു വിപണിയിൽ ഇറക്കുന്ന തേനിന് ഉപഭോക്താക്കളിൽനിന്ന് വൻ വിലയാണ് ഈടാക്കുന്നത്. ഇവരുടെ മാർക്കറ്റിംഗ് തന്ത്രമാണു വിപണി പിടിച്ചെടുക്കാൻ വഴിയൊരുക്കിയത്.
വൻകിട കമ്പനികൾ തേൻ മാത്രം വിപണിയിൽ ഇറക്കുമ്പോൾ ഹോർട്ടികോർപ് ഏറെ ആരോഗ്യകരമായ ഇഞ്ചി തേൻ, വെളുത്തുള്ളി തേൻ, ഹണികോള എന്നിങ്ങനെയുള്ളവയും നിർമി ച്ചിറക്കുന്നുണ്ട്. എന്നാൽ ഇവ ആവശ്യമായ മാർക്കറ്റിംഗ് തന്ത്രത്തിലൂടെ ജനങ്ങളിൽ എത്തിക്കാനുള്ള നടപടിയില്ല താനും. തേൻ വ്യവസായം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സബ് സിഡി നിരക്കിൽ തേനിച്ചക്കൂടുകൾ വിതരണം ചെയ്യുന്ന അധികൃതർക്ക് സബ്സിഡി നിരക്കിൽ തേൻ എടുക്കാൻ നിർവാഹമില്ലാത്തതും വിനയാകുന്നുണ്ട്.
എസ്. രാജേന്ദ്രകുമാർ