കോൺഗ്രസിന്റെ കാട്ടാക്കട പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
1590766
Thursday, September 11, 2025 6:31 AM IST
കാട്ടാക്കട: കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കാട്ടാക്കട സ്റ്റേഷനു മുന്നിലാണ് നടന്നത്.
ഉദ്ഘാടനം കഴിഞ്ഞയുടൻ പ്രവർത്തകർ പ്രതിഷേധവുമായി സ്റ്റേഷന്റെ അകത്തേക്ക് കടക്കാൻ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമായത്. പോലീസ് പ്രതിരോധിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ പ്രവർത്തകർ സ്റ്റേഷനിലേക്കു തള്ളിക്കയറി. അതോടെ കൂടുതൽ പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമം തുടങ്ങി.
അതിനിടെ പ്രവർത്തകരെ മർദിച്ചതായി പരാതി വന്നതോടെ ബഹളമായി. തുടർന്നു മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷാജി ഭാസ്, അനീഷ്, ഷില്ലി സ്റ്റീഫൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ മർദിച്ചതായി കോൺഗ്രസ് ആരോപിച്ചു.