യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
1591335
Saturday, September 13, 2025 6:48 AM IST
തിരുവനന്തപുരം: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജി സിജു ഷെയ്ഖ് ആണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
മംഗലപുരം വെയിലൂർ കോട്ടറക്കരി കൊല്ലുമല വീട്ടിൽ ജയകുമാറി (40) നെ കൊലപ്പെടുത്തിയ കേസിൽ വെയിലൂർ കോട്ടറകരി നിസാർ മൻസിലിൽ സജീർ (40)നെ ആണു ശിക്ഷിച്ചത്. 2008 ഡിസംബർ 19 നു രാത്രി എട്ടിനു ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കോട്ടറക്കരി ജംഗ്ഷനിൽ യംഗ്മെൻസ് ക്ലബിനു സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചുകൊണ്ടിരിക്കുന്പോൾ ജയകുമാർ പ്രതിയുടെ ഇരട്ടപ്പേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു.
നാട്ടുകാർ ജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് അഭിഭാഷകരായ എ. ബീനാകുമാരി, എം.എസ്. ലക്ഷ്മി എന്നിവർ ഹാജരായി.