ഫ്ലാറ്റില്‍ യുവതിയുടെ മരണം; ആന്ധ്ര സ്വദേശി അറസ്റ്റില്‍
1590764
Thursday, September 11, 2025 6:31 AM IST
പേരൂര്‍ക്കട: ഫ്ളാറ്റിനുള്ളില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ യുവാവിന്റെ അറസ്റ്റ് കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തി. ഗുണ്ടൂര്‍ എട്ടാംലെയിന് ഇന്ദിര കോളനിയിൽനിന്നും തെലങ്കാന ഹൈദരാബാദ് മാതാപൂര്‍ ഫ്ളാറ്റിൽ താമസിച്ചുവരുന്ന നരിഷെട്ടി ശ്രീകാന്ത് (28) ആണ് അറസ്റ്റിലായത്.
പോണ്ടിച്ചേരി കാരിക്കല്‍ മുക്കുളം സ്ട്രീറ്റ് 13-ല്‍ അളകര്സാമിയുടെ മകള്‍ എ. അക്ഷയയെ (25) തിങ്കളാഴ്ച രാവിലെ 11നു ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍മുക്കിലെ ആര്‍ടെക് തമ്പുരാന്‍സ് ഫ്ളാറ്റിലെ അഞ്ചാം നിലയിലെ ബി- 5 അപ്പാര്‍ട്ട്മെന്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജർമൻ ഭാഷ പഠിക്കുന്നതിനുവേണ്ടിയാണ് അക്ഷയ ഇവിടെ രണ്ടാഴ്ചയായി താമസിച്ചുവന്നിരുന്നത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അക്ഷയയുടെ ബന്ധുക്കളില്‍നിന്നു പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നരിഷെട്ടി ശ്രീകാന്തിലേക്ക് അന്വേഷണം എത്തുന്നത്.
ഏകദേശം രണ്ടുവര്‍ഷമായി യുവാവും യുവതിയും പരിചയക്കാരാണെന്നും ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും കന്റോൺമെന്റ് സിഐ പറഞ്ഞു. മരണത്തിനു രണ്ടുദിവസംമുമ്പ് ഇരുവരും തമ്മില്‍ സൗന്ദര്യപ്പിണക്കം ഉണ്ടായെന്നും ഇതിന്റെ പേരില്‍ നരിഷെട്ടി ശ്രീകാന്ത് അക്ഷയയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നും കണ്ടെത്താന്‍ സാധിച്ചു.
താന്‍ നിരന്തരം അക്ഷയയുടെ സമീപത്ത് ഉണ്ടാകണമെന്ന് ഇവര്‍ വാശിപിടിച്ചിരുന്നുവെന്നും ഇതു സഹിക്കാനാകാതെയാണ് ഫോണ്‍ ബ്ലോക്ക് ചെയ്തതെന്നും പിണക്കമുണ്ടായതെന്നുമാണ് യുവാവ് പറയുന്നത്. പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നരിഷെട്ടി ശ്രീകാന്ത് കന്റോൺമെന്റ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.