നേമം സഹകരണ ബാങ്ക് തട്ടിപ്പ് : മുൻ സെക്രട്ടറി എ.ആർ. രാജേന്ദ്രന്റെ അറസ്റ്റ് വൈകുന്നതിൽ ആശങ്ക
1591075
Friday, September 12, 2025 6:21 AM IST
നേമം: 96 കോടി രൂപയുടെ ക്രമക്കേടുകൾ നടന്ന നേമം സഹകരണ ബാങ്കിൽ രണ്ടാം പ്രതിയായ മുൻ സെക്രട്ടറി എ. ആർ. രാജേന്ദ്രൻ നടത്തിയ ക്രമക്കേട് 31 കോടി രൂപയുടേതെന്നു സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞതായി വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു.
നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനു ലഭിച്ച രേഖകളിൽ ഏറ്റവും കൂടുതൽ വെട്ടിപ്പു നടത്തിയത് ഈ രണ്ടാം പ്രതിയാണെന്നു പ്രത്യേകം പരമാർശിക്കുന്നു.
മറ്റൊരു മുൻ സെക്രട്ടറി എസ്. ബാലചന്ദ്രൻ നായർ, മുൻ പ്രസിഡന്റ് ആർ. പ്രദീപ് കുമാർ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പ്രധാനപ്രതിയായ എ.ആർ. രാജേന്ദ്രനെ നാളിതുവരെ ആയിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ് താൽ പല ഉന്നതരുടെയും പേരു പുറത്തുവരുമെന്ന ഏക കാരണത്താലാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നു നിക്ഷേപകർ സംശയിക്കുന്നു.
മക്കളുടെ പേരിലും മരുമകന്റെ പേരിലും ഭാര്യയുടെ പേരിലും നിരവധി ലോണുകൾ എഴുതി എടുത്തു. ഉന്നതങ്ങളിലെ ഇടപെടൽ കാരണമാണ് ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ഉടനെ പിടികൂടണമെന്നും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.