കരമന-പൂജപ്പുര റോഡിലെ അനധികൃത കൈയേറ്റങ്ങൾ മൂന്നു മാസത്തിനകം ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1591338
Saturday, September 13, 2025 6:48 AM IST
തിരുവനന്തപുരം: കരമന-പൂജപ്പുര റോഡിന്റെ ഇരുവശങ്ങളും കൈയേറി അനധികൃത കച്ചവടം വ്യാപകമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ മൂന്നു മാസത്തിനകം കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
നഗരസഭാ പരിധിയിലുള്ള റോഡിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസം സൃഷ്ടിക്കുന്ന കൈയേറ്റങ്ങൾ നഗരസഭ ഒഴിപ്പിക്കണം. പൊതുമരാമത്ത് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. അതിനു മുന്പ് പരാതിക്കാരെയും കൈയേറ്റം നടത്തിയതായി ആരോപിക്കപ്പെടുന്നവരെയും കേൾക്കണം. സ്ഥലപരിശോധനയും നടത്തണം.
കരമന, പൂജപ്പുര റോഡിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ കോഓർഡിനേഷൻ ഓഫ് തമലം റസിഡൻസ് സെക്രട്ടറി ജി. സുരേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പൂജപ്പുര മുതൽ കുഞ്ചാലുംമൂട് വരെ റോഡിന്റെ ഇരുവശങ്ങളിലും അനധികൃത കൈയേറ്റങ്ങൾ വ്യാപകമാണെന്നും കൈയേറ്റങ്ങൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ നഗരസഭയുടെ നോട്ടീസിന് സ്ഥാപന ഉടമകൾ യാതൊരു വിലയും കൽപ്പിക്കാറില്ലെന്നും നടപ്പാതകളും ടാറും കൈയേറുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാർ അറിയിച്ചു.