പ്രാദേശിക കലാപ്രവർത്തകരുടെ സംഗമമായി ഗ്രാമീണ ഓണം ഫെസ്റ്റ്
1591071
Friday, September 12, 2025 6:20 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി വെഞ്ഞാറമൂട്ടിൽ സംഘടിപ്പിച്ച ഗ്രാമീണ ഓണം ഫെസ്റ്റ്, പ്രാദേശിക കലാകാരന്മാരുടെ സംഗമമായി മാറി.
പ്രാദേശിക കലാപ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകുക, കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത്തവണ ഗ്രാമീണ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചത്. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു.
സാംസ്കാരിക സഹകരണ സംഘം പ്രസിഡന്റ് ഡോ. ബി. നജീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. അസീനാ ബീവി, കെ. സജീവ്, ഹസി സോമൻ, ജയകുമാർ താലം ജൂവലറി, പി.ജി. സുധീർ, ഷാഹിനാദ് പുല്ലമ്പാറ, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ജി. ശ്രീകണ്ഠൻ, ജെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.
രാജേഷ് ഭരതന്നൂരും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തോടെ ഫെസ്റ്റിനു തുടക്കമായി. തെയ്യാട്ടവും അരുമ അയിരൂപ്പാറയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയും ചരടു പിന്നിക്കളിയും ശ്രദ്ധേയമായി. ഏഴു ടീമുകൾ മാറ്റുരച്ച കൈകൊട്ടിക്കളി മത്സരവും നടന്നു.
ചിറയിൻകീഴ് അഴൂർ ശാർക്കരേശ്വരി ടീം ഒന്നാം സ്ഥാനവും വെഞ്ഞാറമൂട് കലിയുഗ ഡാൻസ് അക്കാദമി രണ്ടാം സ്ഥാനവും കല്ലറ മുളയിൽകോണം ലങ്കേശ്വര കൈകൊട്ടിക്കളി കലാസമിതി മൂന്നാം സ്ഥാനവും നേടി. നാടൻപാട്ട് കലാകാരൻ സന്തോഷ് ബാബു, എസ്.എൻ. രഹീന എന്നിവർ ചേർന്നു പാട്ടുത്സവവും അവതരിപ്പിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും എംഎൽഎ സമ്മാനങ്ങൾ നൽകി.