യുവാവിന്റെ മുഖത്ത് ഗ്ലാസുകൊണ്ട് മർദിച്ചയാൾ അറസ്റ്റിൽ
1591577
Sunday, September 14, 2025 5:56 AM IST
പേരൂര്‍ക്കട: യുവാവിനെ ഗ്ലാസുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. മുട്ടത്തറ കൊച്ചുതോപ്പ് ഫാത്തിമമാത പള്ളിക്കു സമീപം ലിസിയ കോട്ടേജില്‍ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഗസ്നി (24) ആണ് അറസ്റ്റിലായത്. സെപ്തംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
വലിയതുറ ബാലനഗര്‍ സ്വദേശി വിഷ്ണു (25) ആണ് ആക്രമണത്തിനിരയായത്. ഇരുവരും സുഹൃത്തുക്കളാണ്. ഇരുവരും തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം കവടിയാര്‍ ഗോള്‍ഫ് ലിംഗ്സിനു പിറകുവശത്തെ ഒഴിഞ്ഞ ഭാഗത്തിരുന്നു മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം.
മദ്യപിച്ചുകൊണ്ടിരുന്ന ഗ്ലാസ് ഉപയോഗിച്ച് വിഷ്ണുവിന്റെ മുഖത്ത് മുഹമ്മദ് ഗസ്നി ഇടിക്കുകയായിരുന്നു. വിഷ്ണു ആദ്യം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍കോളജിലും ചികിത്സ തേടി.
പരാതിയെത്തുടര്‍ന്നു പേരൂര്‍ക്കട പോലീസ് നടത്തിയ അന്വേഷണത്തില്‍ വഞ്ചിയൂര്‍ ഭാഗത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഐ ജഗ്മോഹന് ദത്തന്, സിപിഒമാരായ അനീഷ്, അരുണ്‍, രഞ്ജിത്ത് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.