പത്മനാഭസ്വാമിക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും വ്യാജ ബോംബ് ഭീഷണി
1591572
Sunday, September 14, 2025 5:56 AM IST
പേരൂര്‍ക്കട: പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഇരു ക്ഷേത്രങ്ങളുടെയും ഔദ്യോഗിക മെയില്‍ വിലാസത്തിലേക്ക് ശനിയാഴ്ച 11 മണിയോടുകൂടിയാണ് സന്ദേശം എത്തിയത്. രണ്ടു ക്ഷേത്രങ്ങളിലും അഞ്ചുബോംബുകള് വീതം വച്ചിട്ടുണ്ടെന്നും എത്രയും വേഗം പരിശോധിച്ചാല്‍ സുരക്ഷ ഉറപ്പാക്കാമെന്നുമുള്ള രീതിയിലായിരുന്നു സന്ദേശം.
മലയാളത്തിലാണ് സന്ദേശം എത്തിയതെന്നു ഫോര്‍ട്ട് പോലീസ് അറിയിച്ചു. സംഭവത്തെതുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും പത്മനാഭസ്വാമി ക്ഷേത്ര പരിസരം മുതല്‍ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
ആറ്റുകാല്‍ പരിസരത്തും ബോംബ്സ്ക്വാഡും ഡോഗ്സ്ക്വാഡും സംയുക്ത പരിശോധന നടത്തി. ഇവിടെയും ഭീഷണി വ്യാജമാണെന്നു തെളിയുകയായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മൂന്നു മണിക്കൂറും ആറ്റുകാല്‍ ക്ഷേത്രത്തില്‍ രണ്ടുമണിക്കൂറും പരിശോധന നീണ്ടു. സന്ദേശത്തിന്റെ സ്വഭാവംവച്ച് തമിഴ്നാട്ടിലെ ഒരു വിവാദമായ പീഡനക്കേസിന്റെ ചുവടുപിടിച്ചാണ് പ്രതിഷേധമെന്നവണ്ണം ഇ-മെയില്‍ സന്ദേശം അയച്ചതെന്നാണ് പോലീസ് കരുതുന്നത്.