ഇഎൻടി വിദഗ്ധരുടെ സംസ്ഥാന സമ്മേളനം 19 മുതൽ
1591573
Sunday, September 14, 2025 5:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഇഎൻടി വിദഗ്ധരുടെ 23-ാം സംസ്ഥാന സമ്മേളനം "കെന്റ്കോണ് 25' 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. അസോസിയേഷൻ ഓഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (എഒഐ) തിരുവനന്തപുരം ചാപ്റ്ററും സൊസൈറ്റി ഓഫ് ട്രിവാൻഡ്രം ഇഎൻടി സർജൻസും (സ്റ്റെന്റ്സ്) ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷനൽ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 600 ഡോക്ടർമാർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. എം. സുരേഷ് കുമാർ, സെക്രട്ടറി ഡോ. സഹീർ എൻ. അബ്ദുള്ള എന്നിവർ അറിയിച്ചു.
രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുമായി മുന്നോറോളം പിജി വിദ്യാർഥികളും സമ്മേളനത്തിനെത്തും. 19നു വൈകുന്നേരം ആറിനു സമ്മേളനം എഒഐ ദേശീയ പ്രസിഡന്റ് ഡോ. ദ്വൈപായൻ മുഖർജി ഉദ് ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ശങ്കർ മഹാദേവൻ അധ്യക്ഷത വഹിക്കും. എഒഐ കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടക്കും.
20ന് വൈകുന്നേരം അഞ്ചിന് എഒഐ സംസ്ഥാന കൗണ്സിൽ യോഗം നടക്കും. സംഘടനാ കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും അവലോകനങ്ങളും യോഗത്തിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിദഗ്ധർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിനു പുറമെ ഇഎൻടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളും ശിൽപ്പശാലകളും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി പിജി വിദ്യാർഥികൾ പോസ്റ്ററുകൾ അവതരിപ്പിക്കും. മികച്ച പോസ്റ്ററിന് അവാർഡും നൽകും. പിജി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 30 സ്റ്റാളുകളും ഒരുക്കും.