ചവറുകൂനയ്ക്ക് തീപിടിച്ചു
1591842
Monday, September 15, 2025 6:44 AM IST
പേരൂര്‍ക്കട: തൈക്കാട് മേട്ടുക്കട അയ്യാഗുരു ക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകള്‍ക്കും സ്പ്രേ ബോട്ടിലുകള്‍ക്കും തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 25 സെന്റ് വരുന്ന പുരയിടത്തില്‍ പുറമേയുള്ളവര്‍ നിക്ഷേപിച്ചിരുന്ന ചപ്പുചവറുകള്ക്കാണു തീപിടിച്ചത്. ചവറുകള്‍ക്കിടയില്‍ കിടന്ന സ്പ്രേ ബോട്ടിലുകള്‍ക്ക് തീപിടിച്ചപ്പോള്‍ വന്ശബ്ദമാണ് ഉണ്ടായത്. ഇതേ ഭൂമിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനു മുമ്പ് രണ്ടുതവണ തീപിടിത്തമുണ്ടായിരുന്നു.
തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഷഹീര്‍, മഹേഷ്, ഷിബിന്‍, ജിത, രശ്മി, എഫ്ആര്‍ഒ ഡ്രൈവര്‍ അരുണ്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.