മാറനല്ലൂരിൽ മോഷണം തുടർക്കഥ; പ്രതികളെ പിടികൂടാനാകാതെ പോലീസ്
1591840
Monday, September 15, 2025 6:44 AM IST
മാറനല്ലൂർ : മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ പത്തിടത്ത് മോഷണങ്ങൾ നടന്നിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഒരു പ്രതിയെ മാത്രമാണ് പോലീസിന് ഇതുവരെ കണ്ടെത്താനായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മണ്ണടിക്കോണം പാപ്പാകോട്ടുള്ള ആദിപരാശക്തി ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഒടുവിലത്തേത്. മോഷ്ടാക്കളെപ്പറ്റി ഒരു തുമ്പും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
ഒരു മാസം മുൻപാണ് രണ്ടു പേർ സ്കൂട്ടറിൽ കറങ്ങി മാറനല്ലൂരിൽ മോഷണം നടത്തിയത്. പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ബേക്കറിയും പുന്നാവൂരിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറും ചെന്നിയോടുള്ള ആളില്ലാത്ത വീടും വെളിയംകോട് പ്രവർത്തിക്കുന്ന രണ്ട് കടകളിലുമാണ് മോഷണം നടത്തിയത്. മാവേലി സ്റ്റോറിൽനിന്ന് 18000 രൂപയും ചെന്നിയോട്ടെ വീട്ടിൽനിന്ന് വിവാഹ സാരിയും രണ്ട് പവൻ വരുന്ന മാലയും മോഷ്ടിച്ചിരുന്നു.
പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കടയ്ക്കാവൂരിൽനിന്ന് മോഷ്ടിച്ചെടുത്ത സ്കൂട്ടറിലാണ് മാറനല്ലൂരിലും രണ്ട് പേർ മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു.
ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നാലിടങ്ങളിൽ മോഷണം നടന്നു. കൂവളശേരിയിലുള്ള ആളില്ലാത്ത വീടുകളിലാണ് ഒരേ ദിവസം മോഷണം നടന്നത്. എന്നാൽ ഇവിടങ്ങളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെടാത്തത് കാരണം ആരും തന്നെ പരാതിപ്പെട്ടതുമില്ല.
രണ്ട് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് കണ്ടല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ കട കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചത്. ഇതിലും രണ്ടു പേർ ഉൾപ്പെട്ടെങ്കിലും രണ്ടുദിവസങ്ങൾക്ക് ശേഷം ശ്രീവരാഹം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടാഴ്ച മുൻപാണ് വീട് പൂട്ടി ഓണാഘോഷം കാണാൻ പോയ മേലാരിയോട് സ്വദേശിയുടെ വീട് കുത്തിത്തുറന്ന് 13 പവൻ മോഷ്ടിച്ചത്. വിരലടയാള വിദഗ്ധർ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.