മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു
1591830
Monday, September 15, 2025 6:34 AM IST
പാലോട്: വാക്കുതർക്കത്തിനിടെ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. പെരിങ്ങമ്മല ഇടിഞ്ഞാർ മയിലാടുംകുന്നിൽ ആർ.രാജേന്ദ്രൻ കാണി (ഗോവിന്ദൻ-58) ആണ് മരിച്ചത്. രാജേന്ദ്രനെ കുത്തിവീഴ്ത്തിയശേഷം നാട്ടുകാരെ വെല്ലുവിളിച്ച ചെറുമകൻ സന്ദീപിനെ (28) പിടികൂടി പാലോട് പോലീസിനു കൈമാറി.
ഇന്നലെ വൈകിട്ട് 5.20ന് ഇടിഞ്ഞാർ ജംഗ്ഷനിലാണ് സംഭവം. റോഡുവക്കിൽ വച്ച് കൈയേറ്റം ചെയ്ത സന്ദീപിൽ നിന്ന് രക്ഷപ്പെടാൻ വാടകയ്ക്ക് താമസിക്കുന്ന മുറിയിലേയ്ക്ക് ഓടിയ രാജേന്ദ്രനെ പിന്തുടർന്ന് എത്തിയാണ് കുത്തിയത്. നെഞ്ചിൽ ആഴത്തിലേറ്റ രണ്ടു മുറിവുണ്ട്. ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും രാജേന്ദ്രൻ മരിച്ചു.
അരമണിക്കൂറിനുള്ളിൽ പാലോട് പോലീസും ആംബുലൻസും സ്ഥലത്തെത്തി രാജേന്ദ്രനെ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
രാജേന്ദ്രന്റെ ഭാര്യ വസന്ത ആറ് മാസം മുമ്പ് പാലോട് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിനുശേഷം രാജേന്ദ്രൻ വാടകമുറിയെടുത്ത് താമസം മാറ്റുകയായിരുന്നു. ക്ലെയിം നടപടികൾ നടന്നുവരുന്നതിനിടെ സന്ദീപ് രാജേന്ദ്രനും മറ്റു ബന്ധുക്കളുമായി വഴക്കിടുന്നത് പതിവായിരുന്നു.
യുവാവ് കഞ്ചാവിന് അടിമയാണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്ക് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. രാജേന്ദ്രൻ വനംവകുപ്പിലെ നൈറ്റ് വാച്ചറാണ്.