വെഞ്ഞാറമ്മൂട് മേൽപ്പാല നിർമാണം : യാത്രികരുടേയും പ്രദേശവാസികളുടേയും ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും
1591836
Monday, September 15, 2025 6:44 AM IST
വെഞ്ഞാറമൂട് : യാത്രക്കാരുടേയും വ്യാപാരികളുടേയും പ്രദേശവാസികളുടേയും ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കി വെഞ്ഞാറമൂട് മേൽപാല നിർമാണം നടത്തുമെന്ന് ഡി.കെ മുരളി എംഎൽഎ. മേൽപാല നിർമാണത്തിന്റെ ഭാഗമായുള്ള വാഹന ഗതാഗത നിയന്ത്രണങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനങ്ങൾ തിരിച്ചുവിടുന്ന വിവരങ്ങൾ യാത്രക്കാരേയും പ്രദേശവാസികളേയും അറിയിക്കുന്നതിനായി നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, പഞ്ചായത്ത് പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്താനും തീരുമാനമായി.
മറ്റ് തീരുമാനങ്ങൾ
1.തിരുവനന്തപുരത്ത് നിന്ന് വരുന്ന കെ.എസ് ആർ ടി സി വാഹനങ്ങളും മറ്റ് ഹെവി വാഹനങ്ങളും തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രി നഗർ വഴി വെഞ്ഞാറമൂട് എത്തി പോകണം.
2പിരപ്പൻകോട് നിന്നുള്ള വാഹനങ്ങളൊന്നും തന്നെ (തദ്ദേശ വാസികളുടെ വാഹന ങ്ങളൊഴികെ) ഔട്ടർ റിംഗ് റോഡ് വഴി കടത്തിവിടരുത്.
3.കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ അമ്പലമുക്കിൽ നിന്ന് തിരിഞ്ഞ് ഔട്ടർ റിംഗ് റോഡ് വഴി പിരപ്പൻകോട്ടേയ്ക്ക് പോകണം. (എന്നാൽ ഇതു വഴിയുള്ള കെഎസ്ആർടിസി ബസുകൾ വെഞ്ഞാറമൂട് എത്തി തന്നെ പോകണം.)
4.പോത്തൻകോട് ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ വേളാവൂരിൽ നിന്ന് തിരിഞ്ഞ് മൈത്രി നഗറിലെത്തി വെഞ്ഞാറമൂട് വഴി പോകണം. എന്നാൽ പോത്തൻകോട് വഴി വരുന്ന ചെറു വാഹനങ്ങളും ടൂവീലറുകളും വെഞ്ഞാറമൂട് വഴി വരുന്നതിന് നിലവിൽ തടസമില്ല.
5.പോത്തൻകോട് നിന്നു വരുന്ന സ്കൂൾ ബസുകൾക്ക് തൈക്കാട് നിന്ന് വയേറ്റ് മാണിക്കോട് എത്തി തിരിച്ച് പോകാവുന്നതാണ്.
6.വ്യാപാരാവശ്യത്തിനായി വരേണ്ട വാഹനങ്ങൾക്ക് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന പ്രത്യേക പാസ് ഉപയോഗിച്ച് വെഞ്ഞാറമൂട് വന്ന് പോകാവുന്നതാണ്.
7.വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട സ്ഥലങ്ങളിൽ കൂടുതൽ അറിയിപ്പ് ബോർഡുകൾ വയ്ക്കേണ്ടതാണ്.
8.സമന്വയ നഗർ വഴി റോഡ് ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തണം.
യോഗത്തിൽ നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, എസ് എച്ച് ഒ, കെഎസ്ആർടിസി, കെആർഎഫ്ബി, കെഎസ്ടിപി, കെഎസ്ഇബി, ഊരാളുങ്കൽ സൊസൈറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.