ഡെലിവറി വാൻ അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
1591877
Monday, September 15, 2025 10:16 PM IST
കിളിമാനൂർ : ഡെലിവറി വാൻ നിയന്ത്രണം വിട്ട് റോഡ് സൈഡിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു .
മടവൂർ പുലിയൂർ കോണം എലികുന്നാം മുകൾ റോഡരികത്ത് വീട്ടിൽ നിസാമുദ്ദീൻ -ഷീബ ദമ്പതികളുടെ മകൻ ഷിബിൻ (29) ആണ് മരിച്ചത്.അവിവാഹിതനാണ്.
തങ്കകല്ല് കൈതോട് കുന്നത്ത് വീട്ടിൽ ജിഷു (26) കൈതോട് സ്വദേശി ആസിഫ് (28) എന്നിവർക്കാണ് പരിക്കേറ്റത് .പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം മണലേത്ത് പച്ചയിൽ ഇന്നലെ വൈകുന്നേരം 5.15 മണിയോടെയായിരുന്നു അപകടം. തങ്കകല്ലിൽ പ്രവർത്തിക്കുന്ന കുന്നത്ത് സോഡാ ഫാക്ടറിയിൽ നിന്നും കാലി കുപ്പികളുമായി കിളിമാനൂരിലേക്ക് വന്നതായിരുന്നു ഡെലിവറിവാൻ .
വാനിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട ഷിബിൻ. തട്ടത്തുമലയിൽ നിന്നും ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് ഇടതു ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂടിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് വാഹനത്തിൽ കുരുങ്ങി കിടന്ന ഷിബിനെ പുറത്തെടുത്തത് . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .കിളിമാനൂർ പോലീസ് കേസെടുത്തു