ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല
1591876
Monday, September 15, 2025 10:16 PM IST
മെഡിക്കൽ കോളജ്: ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല. ഞായറാഴ്ച ചാക്കയിൽ പണി നടന്നുവരുന്ന ആറു നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് 40 വയസിനോടടുത്ത് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കം വരും എന്നാണ് പോലീസ് പറയുന്നത്.
ശരീരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള കാര്യം വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരുന്നതായി പേട്ട പോലീസ് അറിയിച്ചു.