കോവളം കാരോട് ബൈപാസിലെ ഓടകൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ
1592664
Thursday, September 18, 2025 7:01 AM IST
വിഴിഞ്ഞം: മാലില്യം നിക്ഷേപിക്കരുതെന്ന അധികൃതരുടെ മുന്നറിയിപ്പിനും വിലയില്ല. കോവളം കാരോട് ബൈപാസിലെ ഓടകൾ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാകുന്നു. മഴ വെള്ളത്തിന്റെ ഒഴുക്ക് പോലും നിലക്കുന്ന തരത്തിൽ മാലിന്യങ്ങൾ കൂടിയതോടെ നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം തൊഴിലാളികൾ രംഗത്തിറങ്ങി.
നേരത്തെ സർവീസ് റോഡുകളുടെ വശങ്ങളിൽ മാത്രമുണ്ടായിരുന്ന മാലിന്യനിക്ഷേപം ബൈറോഡിലേക്കും വ്യാപിച്ചത് അധികൃതർക്ക് തലവേദനയായി. ആൾസഞ്ചാരം കുറഞ്ഞതും നിരീക്ഷണ കാമറകൾ ഇല്ലാത്തതും തെരുവു വിളക്കുകളുടെ അഭാവവുമാണ് മാലിന്യനിക്ഷേപകർക്ക് അനുഗ്രഹമായത്. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്. ദീർഘദൂര യാത്രാവാഹനങ്ങളിൽനിന്നു വരെ പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങൾ ആളുകൾ വലിച്ചെറിയുന്നതായി നാട്ടുകാർ പറയുന്നു.
ഇവ നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇവിടെയില്ല. കാമറകൾ ഇല്ലെങ്കിലും മാലിന്യ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ ചിലയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ആരും കണ്ടമട്ടില്ല. ചാക്കുകെട്ടുകളിൽ കോഴിമാലിന്യംവരെ നിക്ഷേപിച്ചു സാമൂഹ്യ വിരുദ്ധർ ജനത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും തടയാൻ ഒരു നടപടിയും അധികൃതർ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മഴയിൽ ഓടകൾ നിറഞ്ഞു കവിഞ്ഞു മലിനജലം റോഡിലൂടെ ഒഴുകിയതായും നാട്ടുകാർ പറയുന്നു.