ആര്യനാട് സ്കൂളിലെ വൈദ്യുതി മീറ്റർ ഫ്യൂസും മീറ്റർ ബോർഡും തീപിടിച്ചു
1592667
Thursday, September 18, 2025 7:01 AM IST
സ്കൂളിന് ഇന്ന് അവധി
നെടുമങ്ങാട്: ആര്യനാട് ഗവൺമെന്റ് എൽ പി സ്കൂളിൽ ഫ്യൂസും മീറ്റർ ബോർഡും കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ടു മുകളിലത്തെ നിലയിലുള്ള കുട്ടികളാണ് അധ്യാപകരെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്കൂൾ അധികൃതർ ഇലക്ട്രിസിറ്റി ഓഫീസിൽ വിവരം അറിയിച്ചു. സ്കൂളിനു സമീപത്തു തന്നെ ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ എത്തി സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
2022 ലാണ് പുതിയ കെട്ടിടം നിർമിച്ചത്. എഇയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ് പ്രാഥമിക പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ എഇ ഒയും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗത്തെ ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും താഴത്തെ നിലയിലേക്കു മാറ്റി. കഴിഞ്ഞവർഷത്തെ ഇടിമിന്നലിലും ഇവിടത്തെ ഉപകരണങ്ങൾക്കു കേടുപാടുകൾ പറ്റിയിരുന്നു.
വൈദ്യുത ഉപകരണങ്ങൾ നശിച്ചതിനാൽ പിന്നീട് പിടിഎ ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങുകയായിരുന്നു. 500 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. തീ പിടിത്തം ഉണ്ടായ സ്ഥലത്തിനു സമീപം ആറോളം ക്ലാസ് റൂമുകളുമുണ്ട്. ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുയാണ്. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്കൂളിനു ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.