സുരക്ഷാവേലി നിർമിച്ചില്ല : റോഡ് നവീകരണം: അപാകത ചൂണ്ടിക്കാണിച്ച് പ്രതിഷേധം
1592281
Wednesday, September 17, 2025 6:45 AM IST
ഊരൂട്ടമ്പലം: സുരക്ഷാവേലി നിർമിക്കാതെ റോഡു നവീകരണം നടത്തിയതിൽ അപാകത ചൂണ്ടികാട്ടി പ്രതിഷേധം. തേമ്പാമുട്ടം കനാലിന് വശത്ത് സുരക്ഷാവേലി നിർമിക്കാതെ പാതയോരത്തു നടത്തുന്ന നവീകരണത്തിലാണു പ്രതിഷേധം ശക്തമാകുന്നത്.
മാസങ്ങൾക്ക് മുൻപാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തേമ്പാമുട്ടം-റസൽപുരം റോഡ് ടാർ ചെയ്ത് നവീകരിച്ചത്. റോഡ് നവീകരണം നടക്കുന്ന സമയത്ത് അപകട ഭീഷണിയായ നെയ്യാർ കനാലിന് വശത്ത് ഇരുമ്പുവേലി നിർമിക്കുമെന്നും അപകടമൊഴിവാക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ സുരക്ഷാവേലി നിർമിക്കാതെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവായ ഈ പ്രദേശത്തു കനാലിലേക്ക് വാഹനങ്ങൾ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു പരിഹാരമായി വശങ്ങളിൽ ഇരുമ്പുവേലി നിർമിച്ച് അപകടമൊഴിവാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് പല തവണ നാട്ടുകാർ നിവേദനം നൽകിയിരുന്നു. സുരക്ഷാവേലി നിർമിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. പഞ്ചായത്താണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. എന്നാൽ നെയ്യാർ ഇറിഗേഷൻ വകുപ്പിന്റെ തലയിൽ കെട്ടി വയ്ക്കുകയാണ് പഞ്ചായത്ത് അധികൃതർ.