നയരൂപീകരണ കോൺക്ലേവ് : നെടുമങ്ങാട് നഗരസഭാ വൈസ് ചെയർമാനെ ഒഴിവാക്കിയെന്ന് ആക്ഷേപം
1592280
Wednesday, September 17, 2025 6:45 AM IST
നെടുമങ്ങാട്: കേരളത്തിന്റെ നഗര നയം രൂപീകരിക്കാനായി കൊച്ചിയിൽ നടന്ന കോൺക്ലേവിൽ പങ്കെടുക്കാൻ നെടുമങ്ങാട് നഗരസഭയിൽനിന്നും പോയ സംഘത്തിൽനിന്നും വൈസ് ചെയർമാനെ മനഃപൂർവം ഒഴിവാക്കിയാതായി ആക്ഷേപം.
കഴിഞ്ഞ 12നും 13നും കൊച്ചി ഗ്രാൻഡ് ഹയാത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിദേശ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കോൺക്ലേവ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയും അധ്യക്ഷത വഹിച്ചതു മന്ത്രി എം. ബി. രാജേഷുമായിരുന്നു.
ഈ പരിപാടിയിൽ നെടുമങ്ങാട് നഗരസഭയിൽ നിന്നും ചെയർപേഴ്സൺ സി.എസ്. ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി. ഹരികേശൻ, ബി. സതീശൻ, അജിതകുമാരി, വസന്തകുമാരി, സെക്രട്ടറി ആർ. കുമാർ എന്നിവർ അടങ്ങുന്ന സംഘം പങ്കെടുക്കുന്നതറിഞ്ഞ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ ലിസ്റ്റിൽ തന്നെക്കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും ഒഴിവാക്കുകയായിരുന്നു.
ഈ അമർഷത്തിൽ രവീന്ദ്രൻ സ്വന്തം നിലയിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊച്ചിയിലെത്തി കോൺക്ലേവിൽ പങ്കെടുത്തു. ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഉള്ളവർ തന്നെ മനഃപൂർവം ഒഴിവാക്കിയതിനെ കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ ചോദ്യം ചെയ്തു. വൈസ് ചെയർമാന്റെ അനാരോഗ്യം കാരണമാണ് ഒഴിവാക്കിയതെന്നാണു ചെയർപേഴ്സൻ നൽകുന്ന വിശദീകരണം. എന്നാൽ ഇതിൽ യാഥാർഥ്യമില്ലെന്നും തന്നെ മനഃപൂർവം ഒഴിവാക്കിയതു ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും വൈസ് ചെയർമാൻ പറഞ്ഞു. എൽഡിഎഫ് നേതൃത്വം നൽകുന്ന നെടുമങ്ങാട് നഗരസഭാ ഭരണത്തിന്റെ ആദ്യകാലം മുതൽ തന്നെ സിപി എം- സിപിഐ പോരു രൂക്ഷമായിരിന്നു.വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി. ഹരികേശൻ- സി പി ഐക്കാരനായ എസ്. രവീന്ദ്രനെതിരേ മത്സരച്ചു വിജയിച്ചു വിവാദങ്ങൾ ഉണ്ടാക്കിയിരിന്നു.
പിന്നീട് ഇരുപാർട്ടികളുടേയം ഉന്നത നേതൃത്വം ഇടപെട്ട് എസ്. രവീന്ദ്രൻ വൈസ് ചെയർമാൻ ആവുകയായിരിന്നു. കഴിഞ്ഞ അഞ്ചുവർഷവും പല സന്ദർഭങ്ങളിലും വൈസ് ചെയർമാനെ ഒഴിവാക്കുന്ന നടപടികൾ എൽഡിഎഫിൽ കല്ലുകടി ഉണ്ടാക്കിയിരിന്നു. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തി നിൽക്കെ പുതിയ വിവാദം മുന്നണിക്കു തലവേദനയാകും.